മാഹി : (www.evisionnews.in) ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവു നിലനില്‍ക്കെ മാഹിയിലെ മദ്യശാലകള്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കാന്‍ പുതുച്ചേരി സര്‍ക്കാര്‍ നീക്കം. ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന 32 മദ്യശാലകള്‍ ഉള്‍പ്പെടെ 62 മദ്യശാലകളുടെയും എക്‌സൈസ് ഫീസായി ആറരകോടി രൂപ പുതുച്ചേരി സര്‍ക്കാര്‍ ഈടാക്കി. സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനാണു സര്‍ക്കാര്‍ നീക്കമെന്നാണ് ആക്ഷേപം. രാജ്യത്തെ മുഴുവന്‍ മദ്യശാലകള്‍ക്കും നല്‍കിയ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. ഇതിനുള്ളില്‍ ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഇവിടെനിന്നു മാറ്റി സ്ഥാപിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മാഹിയില്‍ ആകെയുള്ള 62 മദ്യശാലകളില്‍ 32 എണ്ണവും ദേശീയ പാതക്കരികിലാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കോടതി വിധി നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, മാഹിയിലെ മുഴുവന്‍ മദ്യശാലകളുടെയും കാലാവധി പുതുക്കി നല്‍കാനാണു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി പുതുച്ചേരി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ എക്‌സൈസ് ഫീസ് ഈടാക്കിക്കഴിഞ്ഞു. മദ്യമൊത്തവില്‍പന കേന്ദ്രങ്ങള്‍ക്ക് 22 ലക്ഷവും ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ക്കു പത്തുലക്ഷവുമാണ് ലൈസന്‍സ് ഫീസായി ഈടാക്കിയത്. ഈ മാസം 23നുള്ളില്‍ ലൈസന്‍സ് ഫീസ് അടക്കാനായിരുന്നു എക്‌സൈസിന്റെ നിര്‍ദേശം. ഇതനുസരിച്ച് 62 മദ്യശാലകളില്‍ നിന്നായി 6.6. കോടി രൂപ സര്‍ക്കാര്‍ ലൈസന്‍സ് ഫീസായി സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ ഈ മദ്യശാലകള്‍ക്കു പ്രവര്‍ത്തിക്കാനുളള സാഹചര്യമൊരുക്കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയായി മാറും. ഇതു സുപ്രീം കോടതി വിധിയെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്നാണ് ആരോപണം. ദേശീയപാതക്കരികില്‍നിന്നു മദ്യഷാപ്പുകള്‍ നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ജനകീയ സമരങ്ങള്‍ മാഹിയില്‍ നടക്കുന്നതിനിടയിലാണു മദ്യശാലകളെ സഹായിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
Post a Comment
0 Comments