കാസര്‍കോട് (www.evisionnews.in): മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്നാഴ്ചക്കാലമായി നടന്നുവരുന്ന ജനകീയ സമരം വിജയം കണ്ടു. പൊട്ടിപൊളിഞ്ഞ് ഗതാഗതം പൂര്‍ണമായും നിലച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ തുക വകയിരുത്തണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതി സമരം നടത്തിയത്.
മലയോരത്തെ രണ്ടു റോഡുകള്‍ക്ക് ബജറ്റില്‍ ഫണ്ട് വകയിരുത്തിയതോടെ ജനകീയ സമരം താല്‍കാലികമായി നിര്‍ത്തിവെച്ചതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ബദിയടുക്ക- ഏത്തടുക്ക- സൂലപ്പദവ്, നെക്രംപാറ- പുണ്ടൂര്‍- നാരംപാടി- ഏത്തടുക്ക എന്നീ റോഡുകള്‍ക്കാണ് വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഫണ്ട് അനുവദിച്ചത്. ബദിയടുക്ക- സൂലപ്പദവ് റോഡിന് 25 കോടി രൂപയും നെക്രംപാറ- നാരംപാടി റോഡിന് 15 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
അതേസമയം മുള്ളേരിയ- ആര്‍ളപദവ്, ചെര്‍ളടുക്ക റോഡ് എന്നീ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് വേണ്ടി സമരം തുടരും. മലയോര വികസന സമിതി എന്ന പേരില്‍ ജനകീയ സമര സമിതി വിപുലീകരിക്കാനും ശനിയാഴ്ച ബദിയടുക്കയില്‍ ആഹ്ലാദ പ്രകടനം നടത്താനും യോഗം തീരുമാനിച്ചു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണഭട്ട്, എസ്.എന്‍ മയ്യ, മൂസ ബി ചെര്‍ക്കള, അവിനാശ് റൈ, ശ്യാം പ്രസാദ് മാന്യ, നാരായണ ഭട്ട്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, യൂനുസ് തളങ്കര, മുഹമ്മദ് കുഞ്ചാര്‍, ചാല്‍ക്കര അബ്ദുല്ല, അന്‍വര്‍ ഓസോണ്‍, അഷ്റഫ് മുനിയൂര്‍, ബഷീര്‍ ഫ്രണ്ട്സ്, ബി. ശങ്കര സംബന്ധിച്ചു.
Post a Comment
0 Comments