തിരുവനന്തപുരം (www.evisionnews.in): ഒറ്റത്തവണ രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പി.എസ്.സി തീരുമാനം. വ്യാജ പ്രൊഫൈലുകള്‍ ഒഴിവാക്കുന്നതിനും പരീക്ഷകളില്‍ നിന്നും വിലക്കപ്പെട്ടവര്‍ മറ്റുപേരില്‍ പരീക്ഷ എഴുതുന്നത് തടയുന്നതിനും ഇതു സഹായകരമാകും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്ന് ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് ആരാഞ്ഞ് സര്‍ക്കാരിലേക്ക് കത്തയക്കും.
2008 മുതലാണ് മൂന്നു ശതമാനം സംവരണം നല്‍കുന്നത്. അതിന് മുമ്പ് കലക്ടര്‍മാരാണ് നിയമനം നടത്തിയിരുന്നത്. അന്നത്തെ കണക്ക് പി.എസ്.സിക്കു ലഭ്യമല്ല. ഏതു തസ്തികയില്‍ നിയമിക്കണമെന്നും വ്യക്തതയില്ല. സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരുടെ സംവരണം നാലുശതമാനം ആക്കുമെന്ന് പറയുന്നുണ്ട്. ഇത് 1996 മുതല്‍ വേണമോയെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. എക്‌സൈസില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കായിക യോഗ്യതയും അവരെ എവിടെ നിയമിക്കണമെന്നും അറിയിച്ചിട്ടില്ല. ഈ പ്രശ്‌നം സംബന്ധിച്ച് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ എക്‌സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തും.
വനത്തിലെ തീവ്രവാദം തടയുന്നതിന്റെ ഭാഗമായി വനത്തെ അറിയുന്ന പട്ടികവര്‍ഗ ആദിവാസി അപേക്ഷകരില്‍നിന്നു സിവില്‍ പോലീസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികകളില്‍ നേരിട്ട് നിയമനം നടത്തും. അപേക്ഷാഫോം പൂരിപ്പിച്ച് രേഖകള്‍ സഹിതം അപേക്ഷിക്കാം. പരീക്ഷകളില്‍ മലയാളം ഉള്‍പ്പെടുത്തുക, ചോദ്യ ബാങ്ക് തയാറാക്കുക, ഒരു വര്‍ഷം നീളുന്ന ഫയല്‍ തീര്‍പ്പാക്കല്‍ നടത്തുക, ഓണ്‍ലൈന്‍ പരീക്ഷ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്നിവ നടപ്പാക്കുന്നതു പഠിക്കാന്‍ പ്രൊഫ. ലോപ്പസ് മാത്യു കണ്‍വീനറായ അക്കാദമിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
Post a Comment
0 Comments