മുംബൈ : (www.evisionnews.in) രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടി മഹാരാഷ്ട്രയില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മാണത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. ലോകത്തിലെ എറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മാണം പ്രദേശത്ത് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്ക പ്രദേശവാസികള്‍ക്കിടയില്‍ ശക്തമാകുകയാണ്. മുംബൈ നഗരം പ്രതിമ നിര്‍മ്മാണത്തെ ചൊല്ലി രണ്ടായി വിഭജിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്.
മുംബൈ കടല്‍തീരത്തിന് സമീപം 190 മീറ്റര്‍ ഉയരത്തില്‍ പ്രതിമ നിര്‍മ്മിക്കുന്നത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളായ കോലി വിഭാഗത്തെ ബാധിക്കുമെന്ന ആക്ഷേപമാണ് പ്രധാനമായും ഉയര്‍ന്ന് വരുന്നത്. പ്രതിമ നിര്‍മ്മിക്കുന്നതോടെ പ്രദേശത്തെ മത്സ്യസമ്പത്ത് നശിക്കുമെന്ന വാദമാണ് ഈ വിഭാഗങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കാകമാനവും സേവന പ്രവര്‍ത്തനങ്ങള്‍ നല്‍കുവാന്‍ സാധ്യമായ 3600 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതിമ നിര്‍മ്മാണത്തിനെ ചെലവിടുന്നതെന്നത് ജനങ്ങളില്‍ പ്രതിഷേധം സൃഷ്ടിക്കുകയാണ്. 2016 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ നിര്‍മ്മാണത്തിന് തറക്കലിട്ടത്. പ്രതിമ നിര്‍മ്മാണത്തിനെതിരെയുള്ള ഓണ്‍ലൈന്‍ നിവേദനങ്ങളില്‍ അരലക്ഷത്തോളം ജനങ്ങളാണ് ഒപ്പിട്ടിരുന്നത്. തിരമാലകളില്‍ കാര്യമായ ഉയര വ്യത്യാസമാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകാന്‍ സാധ്യതയുള്ളത്. ഇത് മത്സ്യ സമ്പത്തിനെ ആ പ്രദേശത്ത് നിന്ന് തന്നെ അകറ്റുന്ന സ്ഥിതി വിശേഷം ഉണ്ടാക്കിയെടുക്കുമെന്ന് ജീവശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടു. മുസ്ലീം ഭരണകൂടങ്ങള്‍ക്ക് എതിരെ പോരാടിയ ഛത്രപതി ശിവജിയുടെ പ്രതിമ ലോകം ശ്രദ്ധിക്കുന്ന രീതിയില്‍ പണിയണമെന്നാണ് ഹിന്ദു തീവ്രസംഘടനകളുടെ വാദം. ഇതിനായി മത പ്രാദേശിക വികാരം ഉപയോഗിക്കുവാനാണ് ഹിന്ദു സംഘടനകളുടെ നീക്കം. മഹാരാഷ്ട്ര പോലെ കടുത്ത വരള്‍ച്ച നേരിടുന്ന സംസ്ഥാനത്ത് കൃഷി ചെയ്യുവാനുള്ള വെള്ളം ലഭ്യമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം നിലനില്‍ക്കേയാണ് ബിജെപിയുടെ നീക്കമെന്നത് ജനങ്ങളില്‍ ഭരണവിരുദ്ധ വികാരം വളര്‍ത്തിയെടുക്കുന്നുണ്ട്. പ്രതിമ നിര്‍മ്മാണം പ്രതിദിനം ആയിരം സന്ദര്‍ശകര്‍ക്ക് വഴിയൊരുക്കുമെന്ന ബിജെപി വക്താവ് ഷെയ്‌ന എന്‍സിയുടെ പ്രസ്താവന കര്‍ഷകരെക്കാള്‍ വലുതാണ് സന്ദര്‍ശകരെന്ന നിലപാട് അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.
Post a Comment
0 Comments