കൊച്ചി: (www.evisionnews.in) പല്ലില്ലെന്നോര്‍ത്ത് പുഞ്ചിരി അടക്കിവച്ചിരിക്കുന്നവര്‍ക്കൊരു നല്ല വാര്‍ത്ത. സാമ്പത്തിക ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ തന്നെ പല്ല് സെറ്റ് ഫ്രീ ആയി വച്ചു കൊടുക്കും. സാമൂഹ്യനീതി വകുപ്പിന്റെ മന്ദഹാസം പദ്ധതി വഴിയാണ് പല്ല് സെറ്റ് നല്‍കുന്നത്. ഈ വര്‍ഷം സംസ്ഥാനത്ത് 1500 പേര്‍ക്കാണിത് നല്‍കുന്നത്. 77 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 60 പിന്നിട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഇതിനായി യോഗ്യതയുള്ള സ്വകാര്യ ദന്തല്‍ കോളേജുകള്‍, ദന്തചികിത്സ കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് സ്‌ക്രീനിങ് നടത്തി സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യും. കൃത്രിമ ദന്തങ്ങളുടെ നിലവാരം, തുടര്‍ സേവനം എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡം ഉണ്ടാക്കും. ഒരാള്‍ക്ക് പരമാവധി 5000 രൂപയാണ് നല്‍കുക. വയ്ക്കുന്നതിന് മുന്നോടിയായി പല്ല് പറിക്കാനും മറ്റുമുള്ള ചെലവുകള്‍ സ്ഥാപനം തന്നെ വഹിക്കണം. ഗുണഭോക്താവില്‍ നിന്ന് ഒരു പൈസ പോലും ഈടാക്കാന്‍ അനുവദിക്കില്ല.
അതത് ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെയാകും അപേക്ഷ സ്വീകരിക്കുക. അപേക്ഷകരുടെ പല്ല് പല്ല് മാറ്റിവയ്ക്കാവുന്നതാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം, വയസ്സും വരുമാനവും തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജില്ല മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യനീതി ഓഫീസര്‍, സര്‍ക്കാര്‍ ദന്തിസ്റ്റ് എന്നിവരടങ്ങുന്ന സമിതിയാകും അര്‍ഹരായവരെ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സാമൂഹ്യനീതി ഓഫീസര്‍ നല്‍കുന്ന അനുമതിപത്രവുമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലിസ്റ്റില്‍പെട്ട ഏത് സ്ഥാപനത്തില്‍ വേണമെങ്കിലും പോയി പല്ലുകള്‍ മാറ്റിവയ്ക്കാം. പല്ല് സെറ്റ് വച്ചശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസിനെ സമീപിച്ച് വേണം സ്ഥാപനം തുക കൈപ്പറ്റാന്‍.
Post a Comment
0 Comments