ചെന്നൈ (www.evisionnews.in): മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ തമിഴ്നാട്ടില്‍ വിശ്വാസവോട്ട് തേടും. പളനിസ്വാമി ക്യാമ്പിനും പനീര്‍സെല്‍വം ക്യാമ്പിനും ഇന്ന് കൂട്ടിക്കിഴിക്കലിനും അടര്‍ത്തി എടുക്കാനും ഒരു ദിനം ബാക്കി. രാവിലെ 11 മണിക്കാണ് വിശ്വാസവോട്ടെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അരങ്ങേറിയ തമിഴ്നാട്ടില്‍ ഇന്നലെയാണ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല അകത്ത് പോയതോടെയാണ് പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ഇന്നലെ വൈകിട്ട് നടന്ന സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം എംഎല്‍എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തന്നെയാണ് തിരിച്ച് പോയത്. ഇവിടെയുള്ള 124 പേരില്‍ 117 പേരുടെ പിന്തുണ മതി പളനിസ്വാമിക്ക്. ജയലളിത മന്ത്രിസഭയില്‍ 136 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 124 പേരുടെ പിന്തുണ ഉണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം. ശശികലയുടെ ഒപ്പമുണ്ടായിരുന്ന എംഎല്‍എ മാരുടെയെല്ലാം പിന്തുണ പളനിസാമിക്ക് നിലനില്‍ക്കുന്നതിനാല്‍ വിശ്വാസവോട്ടെടുപ്പില്‍ മാറിമറിയലുകള്‍ ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചനകള്‍.
നിലവില്‍ പനീര്‍സെല്‍വം പക്ഷത്തിന് പത്ത് എംഎല്‍എ മാരുടെ പിന്തുണയാണുള്ളത്. ഡിഎംകെ യുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചാല്‍ പോലും പനീര്‍സെല്‍വത്തിനു രക്ഷയില്ല. എന്നാല്‍ പളനിസാമിയുടെ കസ്റ്റഡിയിലുള്ള 124 പേരില്‍ പത്ത് പേരെ അടര്‍ത്താനായാല്‍ പനീര്‍സെല്‍വത്തിന് പളനിസാമി സര്‍ക്കാരിനെ വീഴ്ത്താനാകും. സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇതുതന്നെയാണ് പനീര്‍ ക്യാമ്പ് ആഗ്രഹിക്കുന്നതും.
Post a Comment
0 Comments