ചെന്നൈ (www.evisionnews.in): അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും. ഇതിന് മുന്നോടിയായി അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം വിളിച്ചുകൂട്ടി. ഏഴിനോ എട്ടിനോ ശശികല സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. മന്ത്രിമാരടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ചു.
നേരത്തെ, തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മലയാളി ഷീല ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിനു മുന്നോടിയായാണ് ഇവരുടെ രാജിയെന്നാണ് വിലയിരുത്തല്‍. 2012 മുതല്‍ രണ്ടു വര്‍ഷം തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന ഷീല, മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജയ ആശുപത്രിയിലായിരുന്നപ്പോള്‍ ഭരണ നിര്‍വഹണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണ് ഇവരെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്.
ശശികല മുഖ്യമന്ത്രിയുടെ പദവികൂടി വഹിക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിനേതൃത്വം ഏറ്റെടുത്തതിനു പിന്നാലെയാണു ശക്തി പ്രാപിച്ചത്. ശശികല മുഖ്യമന്ത്രിയാകാന്‍ തയാറായാല്‍ പനീര്‍ സെല്‍വം സ്ഥാനമൊഴിയുമെന്നതില്‍ രണ്ടു പക്ഷമില്ല. പ്രബലമായ തേവര്‍ വിഭാഗക്കാരാണ് ഇരുവരും. അതുകൊണ്ടുതന്നെ സാമുദായിക വികാരങ്ങളും എതിരാകില്ലെന്നു ചുരുക്കം.
Post a Comment
0 Comments