Type Here to Get Search Results !

Bottom Ad

നീരൊഴുക്ക് കുറഞ്ഞു: പയസ്വിനി പുഴയില്‍ താല്‍കാലിക തടയണ നിര്‍മിച്ചു

സുള്ള്യ (www.evisionnews.in): വേനല്‍ കടുത്തതോടെ കേരളത്തിന്റെയും കര്‍ണാടകയുടെയും പ്രധാന ജലസ്രോതസായ പയസ്വിനി പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു. പതിവിലും നേരത്തേ മഴ മാറിയതും ചൂടു വര്‍ധിച്ചതും നീരൊഴുക്ക് കുറയാന്‍ കാരണമായി. ഇതിനിടെ സുള്ള്യ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി സുള്ള്യ നഗര പഞ്ചായത്ത് പയസ്വിനി പുഴക്ക് കുറുകെ താല്‍ക്കാലിക തടയണ നിര്‍മിച്ചു. സുള്ള്യ നഗരത്തിലേക്ക് ജലസേചനം നടത്തുന്നതിനായി കല്ലുമുട്ട്‌ലുവിലാണ് മണല്‍ച്ചാക്കുകള്‍ കൊണ്ട് താല്‍ക്കാലിക തടയണ നിര്‍മിച്ചിട്ടുള്ളത്. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞത് കാരണമാണ് പതിവിലും നേരത്തേ തടയണ നിര്‍മിച്ചത്. 

കഴിഞ്ഞ വര്‍ഷം പയസ്വിനി പുഴയില്‍ നീരൊഴുക്ക് നിലച്ചതു കാരണം താല്‍ക്കാലിക തടയണ പൂര്‍ണമായി വറ്റി ഏപ്രില്‍, മേയ് മാസങ്ങളില്‍ സുള്ള്യ നഗരത്തില്‍ ജലസേചനം മുടങ്ങിയിരുന്നു. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഈ വര്‍ഷവും വരള്‍ച്ച രൂക്ഷമാവുമെന്നാണ് വിലയിരുത്തല്‍. കടുത്ത വേനലും ചൂടും തുടര്‍ന്നാല്‍ കുടിവെള്ളത്തിനും കൃഷിക്കു ജലസേചനം നടത്തുവാനും മറ്റും കടുത്ത ക്ഷാമം അനുഭവപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. 

കഴിഞ്ഞ മഴക്കാലത്ത് മഴ ശരിക്കും ലഭിക്കാത്തതും തുലാവര്‍ഷം കനിയാത്തതും കാരണം പതിവിലും നേരത്തേ പുഴയില്‍ നീരൊഴുക്കു കുറഞ്ഞിരിക്കുകയാണ്. കൂടാതെ പലയിടത്തും ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്ത് 25 ശതമാനത്തിലധികം മഴയുടെ ലഭ്യതയില്‍ കുറവ് ഉണ്ടായിരുന്നു. കുറച്ചു ദിവസമായി സുള്ള്യയിലും പരിസരങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പലയിടത്തും വെള്ളം വറ്റിത്തുടങ്ങി. ചിലയിടങ്ങളില്‍ കുടിവെള്ള ക്ഷാമവും കണ്ട് തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad