Type Here to Get Search Results !

Bottom Ad

പൊതുപരീക്ഷകളുടെ പേരില്‍ പ്രൈമറി ക്ലാസുകളിലെ പഠനം മുടങ്ങില്ല: ജില്ലയില്‍ നടപടി തുടങ്ങി


കാസര്‍കോട് (www.evisionnews.in): എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടക്കുന്ന ദിവസങ്ങളില്‍ പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബാലാവകാശകമ്മിഷന്റെ ഉത്തരവും ദേശീയവിദ്യാഭ്യാസ അവകാശനിയമവും അനുസരിച്ചാണ് നടപടി. പ്രൈമറി ക്ലാസുകളിലെ പഠനത്തില്‍ മൂന്നു മാസത്തോളം ഇടവേള അനുവദിക്കുന്നത് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ സാരമായി ബാധിക്കുമെന്നു രക്ഷിതാക്കളും രേഖാമൂലം അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. 

വിദ്യാഭ്യാസാവകാശവും ബാലാവകാശ കമ്മിഷന്റെ നിര്‍ദേശവും പ്രകാരം പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 1000 മണിക്കൂര്‍ പഠനം ഉറപ്പുവരുത്തേണ്ടതുണ്ട്. 200 പ്രവൃത്തി ദിവസങ്ങള്‍ ക്ലാസെടുക്കണം. എന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങിയാല്‍ പ്രൈമറി ക്ലാസുകള്‍ മുടങ്ങുകയാണ് പതിവ്. ഇരുപതു ദിവസത്തോളം ഇങ്ങനെ ക്ലാസുകള്‍ നഷ്ടമാകും. ഒന്നേകാല്‍ ലക്ഷത്തിലേറെ പ്രൈമറി വിദ്യാര്‍ത്ഥികളുണ്ട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ ഹൈസ്‌കൂള്‍ അധ്യാപകരും ഹയര്‍സെക്കണ്ടറി പരീക്ഷ നടത്താന്‍ ഹയര്‍സെക്കണ്ടറി അധ്യാപകരും ആവശ്യത്തിലേറെ ജില്ലയിലുണ്ട്. പ്രൈമറി അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക ചുമതല നല്‍കേണ്ട ആവശ്യമില്ല. 

ആവശ്യത്തിനു കെട്ടിട സൗകര്യവുമുണ്ട്. ഇടവിട്ട ദിവസങ്ങളിലാണ് പരീക്ഷ. പരീക്ഷാദിവസങ്ങളില്‍ ആവശ്യമാണെങ്കില്‍ പ്രൈമറി ക്ലാസുകള്‍ രാവിലെ തുടങ്ങി ഉച്ചയ്ക്കു വിടുന്ന നിലയില്‍ പരിഗണിക്കാനുള്ള ആലോചനകള്‍ അധികൃത തലത്തില്‍ നടക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള നടപടികളിലും പ്രൈമറി വിദ്യാഭ്യാസ തലം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ രക്ഷിതാക്കളുടെ കൂടി ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ പ്രൈമറി ക്ലാസുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad