ചെന്നൈ (www.evisionnews.in): തമിഴ്നാട് രാഷ്ട്രീയത്തെ ഉദ്വേഗത്തില്‍ നിലനിര്‍ത്തിയ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരി തന്നെയെന്ന് കോടതി വിധിച്ചു. ശശികല ഉള്‍പ്പെടെയുളളവര്‍ നാലുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കണമെന്ന വിചാരണക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ ശശികലയ്ക്ക് ഇനി പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
ജയലളിതയും ശശികലയും കുറ്റക്കാരല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. ജയലളിത ഉള്‍പ്പെടെയുളള നാലുപ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി നാലുവര്‍ഷത്തേക്കായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി ശരിവെച്ചത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് സുപ്രീംകോടതി അവരെ ഒഴിവാക്കിയാണ് വിധി പ്രഖ്യാപിച്ചത്. ശശികല അടക്കമുളളവരെ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ച വിധി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു. കൂടാതെ പത്തുകോടി രൂപ പിഴയും വിധിച്ചു. നേരത്തെ ജയലളിതയ്ക്കൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇത് കുറച്ച് ഇനി മൂന്നുവര്‍ഷവും പത്തുമാസവും ശശികല തടവില്‍ കഴിഞ്ഞാല്‍ മതി. ശശികലയ്ക്കൊപ്പം മറ്റു രണ്ടുപ്രതികളായ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ക്കും ഇതേ ശിക്ഷ തന്നെയാണ് കോടതി വിധിച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ ശശികല വിചാരണ കോടതിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ ഇത് ചരിത്രവിധിയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതി വിധിക്കുശേഷം വ്യക്തമാക്കിയത്.
Post a Comment
0 Comments