കാസര്‍കോട് (www.evisionnews.in): മണല്‍ മാഫിയക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയും ഞയറാഴ്ച രാത്രിയിലുമായി മണല്‍ കടത്തുകയായിരുന്ന ആറു ടോറസ് ലോറികളും ഒരു സുമോയും പോലീസ് പിടിച്ചു. മൂന്നു ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. അഞ്ചുപേര്‍ ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഭീമനടി കുന്നുങ്കൈയിലെ ശ്രീനിവാസന്‍ (32), കൊല്ലം ചാത്തന്നൂരിലെ രാജേന്ദ്രന്‍ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് മൊഗ്രാല്‍ പാലത്തിനടുത്തു വെച്ചു ചാക്കില്‍ മണല്‍ നിറച്ചു കടത്തുകയായിരുന്ന സുമോ പിടികൂടിയത്. മൊഗ്രാല്‍ റഹ്മത്ത് നഗറിലെ ഷംസീറി(23)നെ അറസ്റ്റ് ചെയ്തു.
ഞയറാഴ്ച രാത്രി എരിയാല്‍, കറന്തക്കാട്, പുതിയ ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് സി.ഐ അബ്ദുല്‍ റഹിം ആറു ടോറസ് ലോറികള്‍ പിടികൂടിയത്. മണല്‍ മാഫിയക്കെതിരെ പോലീസ് നടപടി ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കടവുകള്‍ കേന്ദ്രീകരിച്ചു റെയ്ഡുകള്‍ വ്യാപകമാക്കുമെന്നു പോലീസ് അറിയിച്ചു.
Post a Comment
0 Comments