Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവും മകനും കസ്റ്റഡിയില്‍

കുമ്പള (www.evisionnews.in): ഭര്‍തൃമതിയായ യുവതിയെ റോഡരുകിലെ മരത്തിന് കീഴില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമ്പള, നായ്ക്കാപ്പിലെ സുശീല (43)യാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിന് സമീപത്തെ റോഡരുകിലുള്ള കശുമാവിന് കീഴില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്താം വാര്‍ഡ് അംഗം ഹരീഷ് സ്ഥലത്തെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. 

സി.ഐ.വി.വി മനോജ്, എസ്.ഐ മെല്‍വിന്‍ജോസ് എന്നിവരെത്തി മൃതദേഹം പരിശോധിച്ചു. ചെവിയുടെ സമീപത്ത് മുറിവേറ്റ പാടുണ്ട്. സുശീലയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കശുമാവിന്‍ കൊമ്പില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് ഭര്‍ത്താവ് നാരായണനും മകന്‍ ഉദയനും പോലീസിന് മൊഴി നല്‍കി. മൃതദേഹം താഴെ ഇറക്കിവെക്കുകയും സാരി വീട്ടിലേക്ക് മാറ്റുകയുമായിരുന്നുവെന്നും ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാഹചര്യ തെളിവുകളും ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഭര്‍ത്താവും മകനും സുശീലയും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മറ്റു രണ്ട് മക്കളായ പ്രശാന്തും പ്രഭാവതിയും അമ്മാവന്റെ വീട്ടിലുമായിരുന്നു. സഹോദരങ്ങള്‍: നാരായണന്‍, സദാശിവ, ചന്ദ്രന്‍, കേശവ, ജയന്തി.

Post a Comment

0 Comments

Top Post Ad

Below Post Ad