Type Here to Get Search Results !

Bottom Ad

1850 തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു


തിരുവനന്തപുരം: (www.evisionnews.in) മാനഭംഗം, ലഹരിമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ, സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് 1850 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ തടഞ്ഞു. ഇക്കാര്യത്തിലെ സുപ്രീംകോടതി വിധി അനുസരിച്ച് നടപടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് ഗവര്‍ണറുടെ നടപടി. സിപിഎം ബന്ധമുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.

വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന 1850 പേരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങുന്ന ഫയലാണ് സര്‍ക്കാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഉന്നതതല സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് ആഭ്യന്തരവകുപ്പാണ് തടവുകാരുടെ പട്ടിക തയാറാക്കിയത്. എന്നാല്‍ ഫയല്‍ ഗവര്‍ണര്‍ക്ക് അയയ്ക്കുന്നതിനു മുന്‍പ് നിയമസെക്രട്ടറി കണ്ടോ എന്ന കാര്യം വ്യക്തമല്ല. മുന്‍പില്ലാത്തവിധം ഇത്രയേറെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമടങ്ങിയ ഫയലില്‍ ഗവര്‍ണര്‍ രണ്ടാഴ്ചയോളം ഒപ്പുവച്ചില്ല. മാനഭംഗം, ലഹരിമരുന്ന് കേസ് എന്നിവയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ഇതിനു കാരണമായി. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് വിശദമായി പരിശോധിച്ചേ തടവുകാരനെ വിട്ടയയ്ക്കുന്ന കാര്യം സര്‍ക്കാരിനു തീരുമാനിക്കാനാകൂ. ശിക്ഷാകാലയളവില്‍ തടവുകാരനുണ്ടായ മനഃപരിവര്‍ത്തനം, നല്ല നടപ്പ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണോ ഇത്ര വിപുലമായ പട്ടിക തയാറാക്കിയത് എന്ന സംശയത്തെ തുടര്‍ന്നാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയത്. ഇക്കാര്യങ്ങളില്‍ വ്യക്തത വേണം എന്ന കുറിപ്പോടെ വ്യാഴാഴ്ച ഗവര്‍ണറുടെ ഓഫിസ് ഫയല്‍ മടക്കി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഇതുവരെ വിശദീകരണമൊന്നും വന്നിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad