Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസിയില്‍ വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക്; പ്രശ്‌നപരിഹാരത്തിന് മന്ത്രി


തിരുവനന്തപുരം: (www.evisionnews.in) ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഭരണാനുകൂല എഐടിയുസി യൂണിയന്‍ ഉള്‍പ്പെടെ മൂന്നു സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്കും. കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന്‍ എന്നിവയാണു പണിമുടക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍, അംഗീകൃത യൂണിയന്‍ പ്രതിനിധികളെ ഇന്ന് ഉച്ചയ്ക്ക് 12.30നു ചര്‍ച്ചയ്ക്കു വിളിച്ചു. പാലക്കാട് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്തു ശമ്പള ബാക്കി കൊടുക്കാന്‍ ശ്രമിക്കാന്‍ ഗതാഗത സെക്രട്ടറിക്കു മന്ത്രി നിര്‍ദേശം നല്‍കി. ഈ മാസവും തുടക്കത്തില്‍ 75% ശമ്പളം നല്‍കാനുള്ള പണം മാത്രമേ കെഎസ്ആര്‍ടിസിയുടെ പക്കലുള്ളൂ എന്നു മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മന്ത്രിയുടെ വീട്ടിലേക്കു ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, വകുപ്പു മന്ത്രി ജീവനക്കാരെ പിരിച്ചുവിടുന്നതു കണ്ടു രസിക്കാതെ കുറച്ചുകൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന വിമര്‍ശനം അഴിച്ചുവിട്ടു. പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിനു നിയമസഭാ മാര്‍ച്ചും മാര്‍ച്ച് ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതമായ 27.5 കോടി രൂപയില്‍ അഞ്ചു കോടി രൂപയുടെ കുറവു വരുത്തിയതാണു വിനയായത്. കെടിഡിഎഫ്‌സിയില്‍ നിന്നു 50 കോടി രൂപയാണു വായ്പയായി ലഭിച്ചത്. ഇതില്‍ 15 കോടി രൂപ കഴിഞ്ഞ മാസത്തെ 25% ശമ്പള കുടിശിക നല്‍കി. പെന്‍ഷന്‍ ഫണ്ടി!ല്‍ വന്ന കുറവു നികത്താന്‍ 35 കോടിയില്‍ നിന്ന് ഏഴര കോടി രൂപ എടുക്കേണ്ടി വരും. കെടിഡിഎഫ്‌സി വായ്പയില്‍ പിന്നീട് ശേഷിക്കുക 27.5 കോടി രൂപ മാത്രമായിരിക്കും. ബാങ്കില്‍ നിന്നു ലഭിക്കുന്ന തുക കൂടി ചേരുമ്പോള്‍ 51 കോടി രൂപ ശമ്പളം നല്‍കാന്‍ ഉണ്ടാകും. ഇതുപയോഗിച്ചു മുന്‍ മാസങ്ങളിലെ പോലെ 75% ശമ്പളം മാത്രമേ നല്‍കാനാവൂ.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad