Type Here to Get Search Results !

Bottom Ad

കോടിയേരിക്ക് അസൗകര്യം;രാഷ്ട്രീയ വിശദീകരണത്തിന് സി പി എം കോട്ടപ്പാറയിലേക്കില്ല

കാഞ്ഞങ്ങാട്: (www.evisionnews.in)സി.പി.എം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് മറുപടിയുമായി 13ന് സി.പി.എം ബി.ജെ.പി ശക്തികേന്ദ്രമായ കോട്ടപ്പാറയില്‍ നടത്താനിരുന്ന രാഷ്ട്രീയ വിശദീകരണ യോഗം മാറ്റി. അതേ ദിവസം തന്നെ ആര്‍.എസ്.എസ് കോട്ടപ്പാറയില്‍ ശക്തി സംഗമം സംഘടിപ്പിക്കുന്നതും ആശങ്കയുയര്‍ത്തി യതിനിടയിലാണ് സി.പി.എം പൊടുന്നനെ പരിപാടിയില്‍ നിന്നും പിന്തിരിഞ്ഞത്. രാഷ്ട്രീയ ബദ്ധ ശത്രുക്കളുടെ പരിപാടികള്‍ ഒരേ ദിവസം ഒരേ സമയത്ത് നടത്തുന്നത് പൊലീസിനെ ആശങ്കയിലാക്കിയിരുന്നു. 
സി.പി.എം പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിശദീകരണ യോഗം നടത്താനിരുന്നത്. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് ആര്‍.എസ്.എസ് മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ 11 മുതല്‍ 17 വരെ മടിക്കൈയില്‍ ജനകീയ കൂട്ടായ്മവാരം സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ദിവസങ്ങളിലായി പദസഞ്ചലനം, ബാലസംഗമം, ശക്തി സംഗമം, സെമിനാറുകള്‍, ഗൃഹ സമ്പര്‍ക്കം, വിജയശക്തി ജ്വാല തെളിയിക്കല്‍ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ചീമേനിയിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമത്തിലും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലും കലാശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന ഹര്‍ത്താല്‍ വരെ സംഘടിപ്പിക്കുകയുണ്ടായി. മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ശക്തി കേന്ദ്രമാണ്. മടിക്കൈ ഉള്‍പ്പെടെയുള്ള മറ്റ് സമീപ പ്രദേശങ്ങള്‍ സി.പി.എമ്മിന്റെ സ്വാധീന മേഖലകളുമാണ്. സി.പി.എം പനത്തടി ഏരിയാ കമ്മിറ്റിയാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാന്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഏരിയകളില്‍ നിന്ന് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടിയേരിയുടെ അസൗകര്യം മൂലമാണ് പരിപാടി അടുത്ത മാസത്തേക്ക് മാറ്റിവെച്ചതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.




keywords-kanhangad-cpm-kottappara-kodiyeri

Post a Comment

0 Comments

Top Post Ad

Below Post Ad