Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡ് പണി നീളുന്നു: ഗതാഗതക്കുരുക്കും പൊടിശല്യവും മൂലം ഗതാഗതം ദുസഹം

കാഞ്ഞങ്ങാട് (www.evisionnews.in): വ്യക്തമായ പ്ലാനിംഗില്ലാതെ നടക്കുന്ന കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണംമൂലം പൊറുതിമുട്ടി പൊതുജനവും വ്യാപാരികളും. ശാസ്ത്രീയമായ ആസൂത്രണില്ലാത്തതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ അനന്തമായി നീളുന്നതുകൊണ്ട് ഈ റോഡിലൂടെയുള്ള ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും തുടര്‍ക്കഥയാകുന്നു. പൊടിശല്യമാണ് മറ്റൊരു ദുരിതം. കച്ചവടത്തില്‍ കാര്യമായ ഇടിവുവന്നുവെന്നാണ് വ്യാപാരികളുടെ സങ്കടം. പാര്‍ക്കിംഗ് അടക്കം സങ്കീര്‍ണമായതോടെ വ്യാപാര സ്ഥാപനങ്ങളില്‍ ആളെത്താതായി. പലയിടത്തും ഓടകള്‍ ശാസ്ത്രീയമായി നിര്‍മിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. 

കെഎസ്ടിപി റോഡ് നിര്‍മാണം വൈകുന്നതുവഴി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി എന്ന പരിഭവം സ്വകാര്യ ബസ് ഉടമകളും പങ്കുവയ്ക്കുന്നു. അലാമിപ്പള്ളി മുതല്‍ പുതിയകോട്ട വരെയുള്ള ഭാഗത്ത് ഒരു മാസത്തിനകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാമെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടി ലക്ഷ്യത്തിലെത്തിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനം പകുതി പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണു പരാതി. കാല്‍നടയാത്ര പോലും ദുസ്സഹമായി. ഇതിനെതിരെ സമരരംഗത്തിറങ്ങാനാണ് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന്റെ തീരുമാനം. 28നു മുമ്പായി അലാമിപ്പള്ളി-പുതിയകോട്ട റോഡ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന മുന്നറിയിപ്പ് അസോസിയേഷന്‍ നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad