ന്യൂഡല്‍ഹി: (www.evisionnews.in) 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള സാമ്പത്തിക പരിഷ്‌കരണം ഏതാണ്ടു പൂര്‍ത്തിയായതായി കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി നിജപ്പെടുത്തിയത് ഒഴികെ ബാക്കി നിയന്ത്രണങ്ങളെല്ലാം നീക്കിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്‍വലിക്കാവുന്ന തുകയുടെ കാര്യത്തില്‍ അവശേഷിക്കുന്ന നിയന്ത്രണവും താല്‍ക്കാലികം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ ചുമതലയാണെന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി പരിമിതപ്പെടുത്തിയത് റിസര്‍വ് ബാങ്ക് ഉടന്‍ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു. 'മാസം ഒരു ലക്ഷം രൂപ പിന്‍വലിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായോഗിക തലത്തില്‍ നിയന്ത്രണങ്ങളെല്ലാം നീങ്ങിക്കഴിഞ്ഞു. നോട്ട് അസാധുവാക്കലോടെ ആരംഭിച്ച സാമ്പത്തിക പരിഷ്‌കരണം ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 ആക്കി നിജപ്പെടുത്തിയത് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീക്കിയെന്ന് പറയാനാകാത്തത്'– അദ്ദേഹം വ്യക്തമാക്കി.
വലിയ തുകയുടെ നോട്ടുകള്‍ക്കു പകരം ചെറിയ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായിരിക്കും ഭാവിയില്‍ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് അസാധുവാക്കിയതു നിമിത്തമുണ്ടായ നോട്ടു പ്രതിസന്ധി 90 ദിവസത്തിനുള്ളില്‍ അവസാനിച്ചതായും, ഇതു വലിയ കാര്യമാണെന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
Post a Comment
0 Comments