Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാലില്‍ കാണപ്പെട്ട തലയോട്ടി മൂന്നുമാസം മുമ്പ് കാണാതായ യുവാവിന്റേത്


ചട്ടഞ്ചാല്‍: (www.evisionnews.in) തോട്ടത്തില്‍ തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയ സംഭവം നാടിനെ പരിഭ്രാന്തിയിലാഴ്ത്തി. പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ മൂന്ന് മാസം മുമ്പ് കാണാതായ യുവാവിന്റേതാണ് തലയോട്ടിയും അസ്ഥികളും എന്ന് തിരിച്ചറിഞ്ഞതോടെയാണ് പരിഭ്രാന്തി നീങ്ങിയത്. തെക്കിലിലെ കരാറുകാരന്‍ അബ്ബാസിന്റെ ഉടമസ്ഥതയില്‍ പാദൂര്‍ റോഡില്‍ കാവുംപള്ളത്തുള്ള തെങ്ങിന്‍തോട്ടത്തിലാണ് ഇന്നലെ വൈകിട്ടോടെ വഴിയാത്രക്കാര്‍ തലയോട്ടി കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ തലയോട്ടി പുരുഷന്റേതാണെന്ന് സ്ഥിരീകരിക്കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. തലയോട്ടിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉയര്‍ന്നതോടെ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐ പ്രശോഭ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ പരിസരത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. തലയോട്ടി കണ്ട സ്ഥലത്ത് നിന്ന് അല്‍പ്പം മാറിയുള്ള ആരാധനാലയത്തിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ മരത്തില്‍ തുണിതൂങ്ങുന്നതായും കണ്ടെത്തി. സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണും ചെരുപ്പുകളും കണ്ടെത്തി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തലയോട്ടി കാവുംപള്ളത്തെ സുനിലി(34)ന്റെതാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളെ മൂന്നുമാസം മുമ്പ് കാണാതായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളി ആയിരുന്നു സുനില്‍. ഇതു സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് ഇന്നലെ വൈകീട്ട് തലയോട്ടി കണ്ടതും ചെരുപ്പും മൊബൈല്‍ ഫോണും കാണാതായ സുനിലിന്റെതാണെന്ന് തിരിച്ചറിഞ്ഞതും. തലയോട്ടിയും മറ്റും സുനില്‍കുമാറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് പറഞ്ഞു.

നാരായണന്‍-രോഹിണി ദമ്പതികളുടെ മകനാണ് സുനില്‍. ബിന്ദുവാണ് ഭാര്യ. അദ്വേത്, സുജിന മക്കളും ഹരീഷ്, വിജയന്‍ സഹോദരങ്ങളുമാണ്. വിവരമറിഞ്ഞ് നിരവധിപേരാണ് ഇന്നലെ രാത്രിമുതല്‍ സ്ഥലത്തേക്ക് എത്തിയത്. മൃതദേഹത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് വാര്‍ഡ് മെമ്പര്‍ കലാഭവന്‍രാജു, സന്നദ്ധ പ്രവര്‍ത്തകന്‍ ഷാഫി കണ്ണമ്പള്ളി എന്നിവര്‍ പൊലീസിനെ സഹായിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad