തിരുവനന്തപുരം: (www.evisionnews.in) ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കഴിയുന്നതും വേഗം വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. പെറ്റിക്കേസുകളിലും വാഹന അപകടക്കേസുകളിലും ഉള്‍പ്പെട്ട വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നവ കഴിയുന്നതും വേഗം വിട്ടുനല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും സംസ്ഥാന പൊലീസ് മേധാവി നല്‍കി. മോട്ടോര്‍ വാഹനനിയമം 1988ലെ 207(1) വകുപ്പ് പ്രകാരം പ്രസ്തുത നിയമത്തിലെ 3, 4, 66(1) വകുപ്പുകള്‍ പറയുന്ന നിബന്ധനകള്‍ ലംഘിക്കുന്നതിനു 207(1) വകുപ്പിലെ പ്രൊവൈസോ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതിനു പകരം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്തു രസീത് നല്‍കിയശേഷം അത്തരം വാഹനം കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയയ്ക്കാവുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തിലെ 3, 4 വകുപ്പുകളില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കേണ്ടിവന്നാല്‍ പ്രസ്തുത വാഹനം ഓടിക്കുന്നതിനു നിയമാനുസരണം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥനോ അദ്ദേഹം ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഒരാള്‍ക്കോ പെറ്റിക്കേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടുനല്‍കാവുന്നതാണ്. കേരള മോട്ടോര്‍ ടാക്‌സേഷന്‍ ആക്ടിലെ 11ാം വകുപ്പു പ്രകാരം നികുതി ഒടുക്കാത്തതിനു വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീത് ഹാജരാക്കുന്ന മുറയ്ക്കു പെറ്റിക്കേസ് ചുമത്തി വാഹനം എത്രയുംവേഗം വിട്ടുനല്‍കണം. മോട്ടോര്‍ വാഹന നിയമത്തിലെ 184, 185 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരവും സ്വമേധയാ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ സാധാരണ ഗതിയില്‍ എഎംവിഐയുടെയോ മറ്റോ പരിശോധന ആവശ്യമില്ലാത്തതിനാല്‍ മഹസര്‍ നടപടികള്‍ക്കുശേഷം ഉടന്‍തന്നെ രേഖകള്‍ പരിശോധിച്ചു വാഹനം മൂന്നാം സ്ഥാനത്തില്‍ വിട്ടുകൊടുക്കണം. എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയില്‍ ആണെങ്കില്‍ ഉത്തരവാദപ്പെട്ട മറ്റൊരാളെ വാഹനം ഏല്‍പ്പിച്ച് അയയ്ക്കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 283ാം വകുപ്പുപ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്ത കേസില്‍ പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്കു നടപടികള്‍ പൂര്‍ത്തിയാക്കി അപ്പോള്‍ത്തന്നെ മൂന്നാം സ്ഥാനത്തില്‍ വിട്ടയയ്ക്കണം. എന്നാല്‍ മനഃപൂര്‍വ്വം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതാണെന്നു ബോധ്യമായാല്‍ ആവശ്യമെങ്കില്‍ വാഹനം കോടതിയില്‍ ഹാജരാക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 337, 338, 304(എ) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ വാഹന അപകട കേസുകളില്‍ വാഹന ഉടമയ്ക്കു നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നു ഹാജരാക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെങ്കില്‍ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കു ശേഷം വാഹനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി സേവനാവകാശ നിയമപ്രകാരമുള്ള നിശ്ചിത കാലയളവിനുള്ളില്‍ മൂന്നാം സ്ഥാനത്തില്‍ വിട്ടുനല്‍കണം. അപകട സ്ഥലത്തുനിന്നും നീക്കം ചെയ്തു സ്റ്റേഷനില്‍ കൊണ്ടുവരുന്ന ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ കേസ് റജിസ്റ്റര്‍ ചെയ്ത നടപടിക്രമങ്ങള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കേണ്ടതില്ലാത്ത സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മൂന്നാം സ്ഥാനത്തില്‍ വിട്ടുനല്‍കണം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചു വിവരം ലഭ്യമായാല്‍ വാഹനം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതല്ലെങ്കില്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ വിട്ടുനല്‍കണം. ഉടമസ്ഥത സംബന്ധിച്ചു വിവരം ലഭ്യമാകാത്ത പക്ഷം താമസംവിനാ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണം. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പെറ്റിക്കേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നുവെന്നും വാഹന ഉടമകള്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരാതികളുള്ള പശ്ചാത്തലത്തിലാണു സര്‍ക്കുലര്‍. കൂടാതെ പൊലീസ് സ്റ്റേഷന്‍ പരിസരത്തും റോഡ് വക്കിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതുമൂലം മാര്‍ഗ്ഗതടസ്സമുണ്ടാകുന്നതും സ്റ്റേഷന്‍ പരിസരം വൃത്തികേടാകുന്നത് ഒഴിവാക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
Post a Comment
0 Comments