കാസര്‍കോട് (www.evisionnews.in): സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജനസംസ്‌കൃതി ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് കാസര്‍കോട് ഒരുങ്ങി. സാംസ്‌കാരികോത്സവം നടക്കുന്ന കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കൂറ്റന്‍ കവാടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌കാരികോത്സവം 9ന് വ്യാഴാഴ്ച രാവിലെ 10.30ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹിത്യസാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന ഉത്സവം കാസര്‍കോടിന് അപൂര്‍വ്വ വിരുന്നാണ്.
സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി, ജില്ലയിലെ മണ്‍മറഞ്ഞുപോയ സ്വാതന്ത്ര്യസമര പോരാളികള്‍, കലാസാംസ്‌കാരിക നായകര്‍ എന്നിവരുടെ സ്മൃതികളുണര്‍ത്തിക്കൊണ്ടുള്ള യാത്ര നാളെ നടക്കും. നാളെ വൈകിട്ട് നാലിന് പുലിക്കുന്ന് ജില്ലാ ലൈബ്രറി പരിസരത്ത് ജാഥകള്‍ സമാപിക്കും.
ഹൊസ്ദുര്‍ഗ് സ്മൃതിയാത്ര എളമ്പച്ചിയില്‍ നിന്ന് ആരംഭിക്കും. ഗുരു ചന്തുപ്പണിക്കര്‍, ടി.എസ് തിരുമുമ്പ്, നര്‍ത്തക രത്‌നം കണ്ണപ്പെരുവണ്ണാന്‍, മഹാകവി കുട്ടമത്ത്, മലബാര്‍ വി. രാമന്‍ നായര്‍, വിദ്വാന്‍ കെ.കെ നായര്‍, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍, എ.സി കണ്ണന്‍ നായര്‍, കെ. മാധവന്‍, കൂര്‍മല്‍ എഴുത്തച്ഛന്‍, കെ.ടി കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചന്ദ്രഗിരി അമ്പു, രസിക ശിരോമണി കോമന്‍ നായര്‍, ഗാന്ധി കൃഷ്ണന്‍ നായര്‍, കണ്ണന്‍ പാട്ടാളി, ടി. ഉബൈദ് എന്നിവരുടെ സ്മൃതിയുണര്‍ത്തി വിവിധ ഗ്രന്ഥാലയങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം യാത്ര കാസര്‍കോട്ടെത്തും. വെള്ളരിക്കുണ്ട് താലൂക്ക് ജാഥ ചോയ്യങ്കോട്ട് നിന്ന് ആരംഭിക്കും. കാസര്‍കോട് ജാഥ കാടകത്ത് നിന്നും മഞ്ചേശ്വരം സ്മൃതിയാത്ര ഗോവിന്ദപൈ ഭവനത്തില്‍ നിന്നും ആരംഭിക്കും. ജില്ലാ, താലൂക്ക് ലൈബ്രറി ഭാരവാഹികള്‍ ജാഥകള്‍ക്ക് നേതൃത്വം നല്‍കും. നാലു ജാഥയും ജില്ലാ ലൈബ്രറി പരിസരത്ത് സംഗമിച്ച് വിളംബരജാഥയോടൊപ്പം ചേരും. വിളംബരജാഥ വൈകിട്ട് അഞ്ചിന് നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സമാപിക്കും.
Post a Comment
0 Comments