Type Here to Get Search Results !

Bottom Ad

രാമങ്കയം കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു


കാസര്‍കോട്: (www.evisionnews.in) സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ജല അതോറിറ്റി വഴി ശുദ്ധീകരിച്ച കുടിവെളളം ലഭ്യമാക്കുകയാണ്  സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കാസര്‍കോട് താലൂക്കിലെ മുന്നാട്, ബേഡഡുക്ക, കുറ്റിക്കോല്‍ വില്ലേജുകള്‍ക്കു വേണ്ടി ത്വരിതഗ്രാമീണശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച രാമങ്കയം കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സര്‍ക്കാര്‍ കിഫ്ബിയിലുള്‍പ്പെടുത്തി 1500 കോടി രൂപയുടെ കുടിവെളള പദ്ധതികളാണ് ഏറ്റെടുത്തിട്ടുളളത്. നിലവില്‍ സംസ്ഥാനത്ത് 30 ശതമാനം  കുടുംബങ്ങള്‍ക്കാണ് ജല അതോറിറ്റി വഴി  ശുദ്ധീകരിച്ച ജലം ലഭ്യമാകുന്നത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും വിപുലീകരിച്ച പദ്ധതികള്‍ ആവശ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം 750 ദശലക്ഷം ലിറ്റര്‍ കുടിവെളളം പ്രതിദിനം  അധികമായി ലഭ്യമാക്കുന്നതിനുളള പദ്ധതികളാണ് നടപ്പിലാക്കുന്നത്. മുടങ്ങിക്കിടക്കുന്നതും നിര്‍മ്മാണം പാതിവഴിയിലുളളതുമായ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യും.ജലവിഭവ വകുപ്പില്‍ നിന്ന് അഴിമതി പിഴുതെറിയുമെന്ന് മന്ത്രി പറഞ്ഞു.കണ്ണൂര്‍ താഴെ ചൊവ്വയില്‍ പൈപ്പ് പൊട്ടി നാശനഷ്ടമുണ്ടായ സംഭവത്തില്‍ അടിയന്തിര നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാവിക്കര കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും.  നിലവില്‍ പദ്ധതി നിര്‍മ്മാണം ആരംഭിച്ച സ്ഥലത്തു തന്നെ യാഥാര്‍ത്ഥ്യമാക്കും. കുടിവെളള ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നത്. ഇതിനായി മുഖ്യമന്ത്രി ബുധനാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പ്രദേശത്തും കുടിവെളളമെത്തിക്കും. എന്നാല്‍ കുടിവെളളം ഉപയോഗിക്കുന്നതില്‍ പൊതുജനങ്ങള്‍ നിയന്ത്രണം ശീലിക്കണം. കുടിവെളളം പാഴാക്കരുത്. സൂക്ഷ്മതയോടെയും സമൂഹത്തോടുളള ഉത്തരവാദിത്വം കണക്കിലെടുത്തുമായിരിക്കണം ശുദ്ധീകരിച്ച ജലം വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികമാണ് ഈ വര്‍ഷം. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുപകരിക്കുന്നതാകണം വികസനമെന്ന ഇഎംഎസ് സര്‍ക്കാറിന്റെ കാഴ്ചപ്പാട് പൂര്‍ണ്ണമായും ഫലപ്രാപ്തിയിലെത്തിക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.  നവകേരള മിഷന്റെ ഭാഗമായി നടത്തുന്ന ഹരിതകേരളം, ആര്‍ദ്രം ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ ഈ ലക്ഷ്യത്തോടെയുളളവയാണെന്ന് മന്ത്രി പറഞ്ഞു. പളളത്തുങ്കാലില്‍ നടന്ന ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജലഅതോറിറ്റി ചീഫ് എഞ്ചിനീയര്‍ പി കെ ചന്ദ്രാവതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാപഞ്ചായത്തംഗം എം നാരായണന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ജെ ലിസി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ രമണി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ കുമാരന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ പി കെ ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി കണ്ണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി   ചെയര്‍മാന്‍ എ മാധവന്‍, എം സുകുമാരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ  എന്‍ ടി ലക്ഷ്മി, കെ ഉമാവതി,  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  എം അനന്തന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ  സി ബാലന്‍, കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, പി കെ മുഹമ്മദ്,  എ ബി ഷാഫി,  സദാശിവന്‍ ചേരിപ്പാടി, നാരായണന്‍ പളളത്തിങ്കാല്‍, ഹരീഷ് ബി നമ്പ്യാര്‍,  പി വി ദാമോദരന്‍, ഗോപിനാഥന്‍, എം കരുണാകരന്‍, എ അപ്പ എന്നിവര്‍  സംസാരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   സി രാമചന്ദ്രന്‍ സ്വാഗതവും ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍  ജയപ്രകാശ് നന്ദിയും പറഞ്ഞു.



keywords-ramankayam project-inaugration-minister-mathwe t thomas

Post a Comment

0 Comments

Top Post Ad

Below Post Ad