പാലക്കാട് : (www.evisionnews.in) കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷിനും പെണ്‍സുഹൃത്തിനും കൊല്ലം അഴീക്കലില്‍ മര്‍ദനമേറ്റത്. കേസില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം നാട്ടില്‍ തിരികെ എത്തിയ അനീഷ് മാനസീകമായി ആകെ തകര്‍ന്നിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ത്രീയെയും പുരുഷനെയും മര്‍ദിച്ചു ഭീഷണിപ്പെടുത്തി ചേര്‍ത്തുനിര്‍ത്തി വിഡിയോ എടുത്തു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 14ന് അഴീക്കല്‍ ബീച്ചില്‍ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരും സുഹൃത്തുക്കളുമായ ശൂരനാട് സ്വദേശി പത്തൊന്‍പതുകാരിയും പാലക്കാട് സ്വദേശിയായ യുവാവും വൈകിട്ടാണു ബീച്ചിലെത്തിയത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം അക്രമിച്ചെന്നായിരുന്നു പരാതി. യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതു തടഞ്ഞ യുവാവിനെ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയും യുവാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments