ചെര്‍ക്കള (www.evisionnews.in): സ്‌കൂള്‍ പാചകപ്പുരക്ക് തീപിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സൂക്ഷിച്ച അരിയും മറ്റ് സാധനങ്ങളും കത്തിനശിച്ചു. ചെര്‍ക്കള ഗവ. യു.പി സ്‌കൂളിന്റെ പാചകപ്പുരയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് തീ പിടുത്തമുണ്ടായത്. ഈ സമയം സ്‌കൂള്‍ വിട്ടിരുന്നില്ല.
പാചകപ്പുരയിലെ തീ പിടുത്തം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും തീയണക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുമ്പോഴേക്കും ചാക്കുകളില്‍ സൂക്ഷിച്ച അരിയും മറ്റും കത്തിനശിച്ചിരുന്നു. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് തീ പിടുത്തത്തിന് കാരണമായത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
Post a Comment
0 Comments