ബെംഗളൂരു : (www.evisionnews.in) അപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷിക്കുന്നതിനു പകരം ചിത്രങ്ങള്‍ പകര്‍ത്താന്‍ മല്‍സരിക്കുന്നവരേക്കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. കര്‍ണാടകയിലെ കൊപ്പലില്‍നിന്നാണ് ഇത്തരമൊരു സംഭവത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്താനുള്ള മല്‍സരം മൂലം നഷ്ടമായത് ഒരു വിലപ്പെട്ട ജീവന്‍. 25 മിനിറ്റോളമാണ് അന്‍വര്‍ അലി (18) എന്ന യുവാവ് സഹായം അഭ്യര്‍ഥിച്ചു റോഡില്‍ കിടന്നത്.
തലസ്ഥാനമായ ബെംഗളൂരുവില്‍നിന്ന് 380 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന കൊപ്പല്‍. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന അന്‍വര്‍ അലിയെ സര്‍ക്കാര്‍ ബസ് ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദാരുണദൃശ്യം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങളും വിഡിയോയും പകര്‍ത്താനായിരുന്നു അവര്‍ക്കു വ്യഗ്രത.
അതേസമയം, കൃത്യസമയത്ത് ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അലി ഇപ്പോഴും ജീവനോടെ ഇരുന്നേനെയെന്ന് സഹോദരന്‍ റിയാസ് പറഞ്ഞു. മൈസുരുവില്‍ ബസുമായി കൂട്ടിയിച്ച് ജീപ്പിനകത്ത് അകപ്പെട്ടുപോയ പൊലീസുകാരന്‍ രക്ഷപെടുത്താനായി കെഞ്ചിയപ്പോള്‍, ചുറ്റുംകൂടിനിന്നവര്‍ ഫോട്ടോ എടുത്തെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. അതിനു പിന്നാലെയാണ് രാജ്യത്തെ നാണംകെടുത്തുന്ന പുതിയ സംഭവം.
Post a Comment
0 Comments