തിരുവനന്തപുരം (www.evisionnews.in): ഡ്രൈവിംഗ് ലൈസന്‍സെടുക്കാന്‍ ഇനി കൂടുതല്‍ മെനക്കെടേണ്ടിവരും. പരീക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. പുതിയ തീരുമാനങ്ങള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാകും.
ഡ്രൈവിംഗ് പരീക്ഷയില്‍ 'എച്ച്' എടുക്കുമ്പോള്‍ അരികിലായി സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്നു രണ്ടര അടിയായി കുറച്ചു. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിംഗ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സെടുക്കണം.
ഇപ്പോള്‍ 'എച്ച്' പരീക്ഷക്ക് ശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിംഗ് പരീക്ഷ നിര്‍ബന്ധമില്ല. ഉദ്യോഗസ്ഥന്റെ താല്‍പര്യമനുസരിച്ച് നിരപ്പായ പ്രദേശത്ത് വാഹനം ഓടിച്ച് കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ടു ഓടിച്ചു കാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം.
രണ്ട് വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിംഗ് ചെയ്യാനാകുമോയെന്ന് പരീക്ഷിക്കുന്ന പരീക്ഷയും ഇനി നടപ്പിലാക്കും. പുറം രാജ്യങ്ങളില്‍ ഈ പരീക്ഷ വ്യാപകമാണ്. നമ്മുടെ നാട്ടിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് പുതിയ പരീക്ഷ കൊണ്ടുവരുന്നത്.
പരീക്ഷ നടത്തുന്നതിനു സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചിലയിടങ്ങളില്‍ ക്യാമറകളുടെ സഹായത്തോടെ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ഇതോടെ സംസ്ഥാന വ്യാപകമാക്കും. പരിശോധനയ്ക്ക് സെന്‍സറുകളുടെ സാന്നിധ്യമുണ്ടാകും. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം.
Post a Comment
0 Comments