ബെംഗളൂരു: (www.evisionnews.in) നഗരത്തിലെ ബെല്ലാണ്ടൂര്‍ തടാകത്തിനടുത്ത് വ്യാഴാഴ്ച വൈകുന്നരം ഉണ്ടായ തീപിടിത്തം ശമിപ്പിച്ചെങ്കിലും പ്രദേശത്തുയര്‍ന്ന പുകപടലം ഇല്ലാതാക്കാന്‍ അധികൃതര്‍ക്കായില്ല. മാലിന്യം കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ പുല്‍പ്പടര്‍പ്പിലേക്കു പകരുകയായിരുന്നു. ഇതേത്തുടര്‍ന്ന് തടാകത്തിലെ വെള്ളം നുരഞ്ഞു പതഞ്ഞു പൊങ്ങി. തീപിടിത്തത്തെത്തുടര്‍ന്നുയര്‍ന്ന പുക മേഘം കണക്കെ പ്രദേശത്തു വ്യാപിക്കുകയാണ്. ഇതു സമീപവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തടാകത്തിലേക്കു കൊണ്ടിടുന്ന മാലിന്യങ്ങളാണു തീ പിടിത്തത്തിനു പിന്നില്‍. രാസമാലിന്യം കൂടുതലായി തള്ളുന്നതിനാലാണു തടാകം പതഞ്ഞുപൊങ്ങുകയും തീപിടിക്കുകയും ചെയ്‌തെന്നാണു വിദഗ്ധ നിരീക്ഷണം. ഐടി നഗരത്തിലെ ഏറ്റവും വലിയ തടാകമാണിത്. സാധാരണയായി തടാകത്തിനു സമീപം വച്ച് മാലിന്യം കത്തിക്കുമ്പോഴാണ് തീ പടരാറുള്ളത്. പക്ഷേ, വ്യാഴാഴ്ചത്തെ സംഭവം ജനങ്ങളുടെ ഇടയ്ക്ക് ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്ന് കര്‍ണാടക അഗ്‌നിശമനസേന വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ കെ.യു. രമേശ് അറിയിച്ചു.
തടാകത്തില്‍ മാലിന്യം തള്ളരുതെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിനും മറ്റ് ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. പ്രദേശത്തെ മലിനജല ശുദ്ധീകരണ കമ്പനികളോടും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാനികരമായ രാസപദാര്‍ഥങ്ങളും ചെറിയ ഫാക്ടറികളില്‍നിന്നുള്ള മാലിന്യങ്ങളും സ്ഥിരമായി ബെല്ലാണ്ടൂര്‍, വാര്‍ത്തൂര്‍ തടാകങ്ങളിലാണു നിക്ഷേപിക്കാറ്. ഇതേത്തുടര്‍ന്നു തടാകങ്ങളിലെ വെള്ളം ഉപയോഗശൂന്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Post a Comment
0 Comments