Type Here to Get Search Results !

Bottom Ad

കീഴ് വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര തീരുമാനം


ന്യൂഡല്‍ഹി: (www.evisionnews.in) പാര്‍ലമെന്റിന്റെ കീഴ്വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ് അടങ്ങിയ പെട്ടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. 

സാധാരണ ഗതിയില്‍ സിറ്റിംഗ് എം.പി നിര്യാതനായാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അനുശോചനം അറിയിച്ച് പിരിയുകയാണ് പതിവ്. ഇതനുസരിച്ച് ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സഭപിരിയണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉയര്‍ത്തിയിരുന്നു. അനുശോചിച്ച് പിരിയുന്നതാണ് സഭയുടെ കീഴ്വഴക്കമെന്ന് ലോക്സഭ സെക്രട്ടറിയേറ്റും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ മാറ്റിവെക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതടക്കം ബജറ്റ് അവതരണത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങിയ സാഹചര്യത്തില്‍ അവതരണം മാറ്റി വെക്കാനാവില്ലെന്നാണ് ജെയ്റ്റ്ലി പറയുന്നത്. 

അതേസമയം, ബജറ്റ് അവതരണം ഇന്ന് തന്നെ നടക്കുമെന്ന് സ്പീക്കര്‍ സുമിത്ര മഹാരാജന്‍ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം സ്പീക്കറുടേതായതിനാല്‍ സഭാ നടപടികളിലേക്ക് പോകാതെ ഇ. അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി സഭപിരിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad