ന്യൂഡല്‍ഹി (www.evisionnews.in): നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് പ്രചാരണത്തില്‍ അണിചേര്‍ന്ന് ശൗചാലയം നിര്‍മിച്ച ഛത്തീസ്ഗഡിലെ ഗ്രാമീണര്‍ ഇപ്പോള്‍ കടക്കെണിയില്‍. ശൗചാലയം നിര്‍മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ഉറപ്പുനല്‍കിയതിനാല്‍ പലരും ബാങ്കില്‍ നിന്ന് ലോണെടുത്ത് ശൗച്യാലയം നിര്‍മിക്കുകയായിരുന്നു. എന്നാല്‍ മോദിജി വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ബാങ്കില്‍ നിന്നുമെടുത്ത കടം പെരുകുന്നതിനാല്‍ കൂടുതല്‍ പണം കിട്ടുന്ന ജോലി തേടി സ്വന്തം നാടുവിട്ട് മറ്റിടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിരായിരിക്കുകയാണ് ഗ്രാമീണര്‍.
തുറസായ മലമൂത്ര വിസര്‍ജനത്തിനെതിരെ അധികൃതരുടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ശൗചാലയം നിര്‍മിച്ചവരാണ് മല്‍ക്കഹറോഡയിലെ ആന്‍ഡി ഗ്രാമത്തിലെ 125 കുടുംബങ്ങള്‍. തുറസായ ഇടങ്ങളെ ശൗചാലയമാക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തിയും നാണം കെടുത്തിയുമായിരുന്നു അധികൃതരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ മലമൂത്ര വിസര്‍ജ്ജനത്തിന് ഇരിക്കുന്നതിന്റെ ഫോട്ടോകള്‍ പകര്‍ത്തി പ്രചരിപ്പിച്ചത് നേരത്തെ വിവാദമായിരുന്നുവെന്ന് ആപ്പ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പുഷ്പേന്ദ്ര ഖുന്തെ പറയുന്നു.
18,000 രൂപ മുടക്കിയാണ് ശൗചാലയം നിര്‍മിച്ചത്. 12,000 രൂപയായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. ശൗചാലയം നിര്‍മ്മിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആന്‍ഡിയിലെ ഒരാള്‍ക്ക് പോലും സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടില്ല. ദുരിതത്തിലാണ് ഞങ്ങളുടെ ജീവിതം. പണം കിട്ടില്ലെന്ന് അവര്‍ പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ ശൗചാലയം നിര്‍മ്മിക്കുമായിരുന്നില്ല. ഗൊരഖ്പൂരില്‍ നിന്നും നല്ല തൊഴില്‍ വാഗ്ദാനം ലഭിക്കുമ്പോള്‍ നാട് വിടുകയല്ലാതെ എന്റെ കുടുംബത്തിന് മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളില്ല.
ഖാണ്ഡെ, അന്‍ഡി സ്വദേശി
ഗ്രാമീണരുടെ ദുരിതത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെങ്കിലും പണമാണ് പ്രശ്നമെന്ന് തുറന്നുസമ്മതിക്കുന്ന റായ്പൂരിലെ ഒരു സര്‍ക്കാര്‍ അധികൃതന്‍. ശൗചാലയം നിര്‍മ്മിക്കുന്നതിന് മുമ്പ് പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. ദരിദ്രരില്‍ ദരിദ്രര്‍ക്കാണ് ശൗചാലയത്തിന്റെ ആവശ്യം. അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. ഗ്രാമങ്ങളെയും ബ്ലോക്കുകളെയും ജില്ലകളേയും തുറസായ സ്ഥലങ്ങളിലെ മലമൂത്രം വിസര്‍ജ്ജനം ഇല്ലാത്ത ഇടങ്ങളാക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്തേണ്ടിവരുമെന്നും അധികൃതന്‍ പറയുന്നു.
Post a Comment
0 Comments