Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ രാജ്യാന്തര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി; ചെലവ് 300 കോടി


കണ്ണൂര്‍ : (www.evisionnews.in) കണ്ണൂരില്‍ 300 കോടി രൂപ ചെലവില്‍ രാജ്യാന്തര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയുളള പദ്ധതിയാണിത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു പുറത്തുളള ഡ്രെയിനേജുകള്‍, ഫീഡര്‍ റോഡുകള്‍, ലൈറ്റിങ്ങിനുളള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ക്കും മന്ത്രിസഭ ഭരണാനുമതി നല്‍കി. ആയുര്‍വേദ മരുന്നുകളുടെ ഫലസിദ്ധിക്കു തെളിവില്ലെന്ന രാജ്യാന്തര മരുന്നു കമ്പനികളുടെ ആക്ഷേപത്തിനു മറുപടി എന്ന നിലയിലാണ് രാജ്യാന്തര ആയുര്‍വേദ പഠന ഗവേഷണകേന്ദ്രം തുടങ്ങുന്നത്. ഇന്റര്‍നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ആയുര്‍വേദ എന്ന് അറിയപ്പെടുന്ന ഈ കേന്ദ്രത്തില്‍ രാജ്യാന്തര നിലവാരമുള്ള ചികിത്സാ സൗകര്യവും ഒരുക്കും. ആയുഷ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷനായ ഉന്നതതല സമിതി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള 100 ഏക്കര്‍ സ്ഥലം കണ്ണൂരില്‍ ലഭ്യമാണ്. ആയുര്‍വേദത്തെ തെളിവ് അധിഷ്ഠിതമായി ശാസ്ത്രീയ രീതിയില്‍ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ടൂറിസവും ഐടിയും പോലെ ആയുര്‍വേദത്തിലും വന്‍ നിക്ഷേപത്തിനു കളമൊരുക്കാനാണു സര്‍ക്കാര്‍ ശ്രമം. പല മാറാരോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്സയുള്ള സാഹചര്യത്തില്‍ ഇത്തരം അറിവുകള്‍ നാട്ടുവൈദ്യന്മാരില്‍നിന്നു ശേഖരിക്കുക എന്നതാണു ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഗവേഷണത്തിനും പഠനത്തിനും പുറമെ, ആയുര്‍വേദ ചികിത്സയ്ക്കായി വന്‍തോതില്‍ വിദേശികളെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു പുറത്തുളള പതിനാറ് തോടുകളുടെ നിര്‍മ്മാണത്തിന് 18.09 കോടി രൂപയുടെയും കാരാത്തോട്, കോത്തേരിതോട് എന്നിവയുടെ വിസ്തീര്‍ണ്ണം കൂട്ടുന്നതിനും, സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുമായി 31.50 കോടി രൂപയുടെയും ഭരണാനുമതിയാണു മന്ത്രിസഭ നല്‍കിയത്. അടുത്ത മണ്‍സൂണിനു മുമ്പായി പണി പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥയില്‍ ഈ ജോലി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു നല്‍കാനും തീരുമാനിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad