കാഞ്ഞങ്ങാട് (www.evisionnews.in): നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാതയുടെ സര്‍വ്വേ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാത്ത വിഷയത്തില്‍ ഇടപെട്ട് തടസ്സങ്ങള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റിക്ക് സദാനന്ദ ഗൗഡയും ഉഡുപ്പി ചിക്ക്മംഗ്ലൂര്‍ എം.പി. ശോഭ കറന്തലാജെയും ഉറപ്പ് നല്‍കി. ഏഴ് മണിക്കൂറിനകം ബംഗളൂരുവിലെത്താന്‍ കഴിയുന്ന കാഞ്ഞങ്ങാട് കാണിയൂര്‍പാതയ്ക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ച് പകുതി വിഹിതം പാത കടന്ന് പോകുന്ന കേരള കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്ത് കഴിഞ്ഞ ബജറ്റില്‍ കാണിയൂര്‍ പാതയ്ക്ക് തുക വകയിരുത്തിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ ഇനിയും അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാന വിഹിതം അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ദക്ഷിണ റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി തല്‍സമയം ഫോണില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് മന്ത്രി ഗൗഡ ആരായുകയുണ്ടായി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ തനിക്ക് നല്‍കണമെന്ന് മന്ത്രി സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുള്ള്യ നഗര പഞ്ചായത്ത് പ്രസിഡണ്ട് രാമചന്ദ്ര, ട്രഷറര്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. യൂസഫ്ഹാജി, സുള്ള്യ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് സുധാകരറായ്, സി.എ.പീറ്റര്‍, ടി.മുഹമ്മദ് അസ്‌ലം, ജോസ് കൊച്ചുകുന്നേല്‍, എ. ദാമോദരന്‍, എ. ഹമീദ്ഹാജി, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എം.ബി.എം. അഷറഫ്, സൂര്യനാരായണഭട്ട്, അഡ്വ.എം.വി. ഭാസ്‌ക്കരന്‍ എന്നിവരാണ് കേന്ദ്ര മന്ത്രി ഗൗഡയേയും ശോഭ കറന്തലാജ എം.പിയേയും കണ്ട് നിവേദനം നല്‍കിയത്.
Post a Comment
0 Comments