കാസര്‍കോട് (www.evisionnews.in): തളിപ്പറമ്പ് സ്വദേശിനിയായ വിധവയെ മംഗളൂരുവിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തളിപ്പറമ്പ്, പട്ടുവം, കുറ്റിക്കോല്‍ സ്വദേശി കെ രവീന്ദ്രനെയാ(64)ണ്
സൗത്ത് കാനറ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ്, ആലക്കോട്, വട്ടമല തോമസിന്റെ ഭാര്യ ഏലിക്കുട്ടിയാ(70)ണ് കൊല്ലപ്പെട്ടത്. 2014 ജനുവരി 15ന് ആണ് കൊലപാതകം. മംഗളൂരുവിലെ ലോഡ്ജ് മുറിയിലാണ് ഏലിക്കുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. അതിനുശേഷം പ്രതിയായ രവീന്ദ്രന്‍ മാല, വള, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും മൊബൈല്‍ ഫോണും ഡയറിയുമെല്ലാം എടുത്ത് സ്ഥലം വിടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ കണ്ടെത്തി. എന്നാല്‍ കൂടെ ഉണ്ടായിരുന്ന ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് പോലീസ് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പരിശോധന നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഒരു ലോഡ്ജിലെ സി.സി.ടി.വി ക്യാമറയില്‍ ഏലിക്കുട്ടിയുടെയും രവീന്ദ്രന്റെയും ചിത്രം പതിഞ്ഞിരുന്നു. ഇരുവരും മുറി അന്വേഷിച്ചുവന്നിരുന്നുവെന്നും എന്നാല്‍ മുറി നല്‍കിയിരുന്നില്ലെന്നും ജീവനക്കാര്‍ മൊഴി നല്‍കി. വിശദമായ അന്വേഷണത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെയും പ്രതിയെയും തിരിച്ചറിയുകയായിരുന്നു. സ്വകാര്യ ബസ് കമ്പനി മാനേജരും സ്വത്ത് ബ്രോക്കറുമൊക്കെ ആയിരുന്ന രവീന്ദ്രന്‍ ആദ്യ ഭാര്യ മരിച്ചതിനാല്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പമായിരുന്നു താമസം. ഒരു വഞ്ചനാ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയപ്പോഴാണ് ഏലിക്കുട്ടിയെ പരിചയപ്പെട്ടത്. തളിപ്പറമ്പിലെ സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് രവീന്ദ്രന്‍ നല്‍കിയ മൊഴി.
Post a Comment
0 Comments