കാസര്‍കോട് (www.evisionnews.in): വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളും ആശങ്കയിലാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. പദ്ധതി ആരംഭിച്ചിട്ട് ഒമ്പത് മാസം പൂര്‍ത്തിയായിട്ടും 20 ശതമാനം തുക പോലും ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുന്നില്ല. ജില്ലയിലെ പകുതിയോളം പഞ്ചായത്തിലും സെക്രട്ടറിമാരെ നിയമിച്ചത് ഏതാനും ദിവസം മുമ്പാണ്. ദേലംപാടി, പൈവളിഗെ, വെസ്റ്റ് എളേരി, പുല്ലൂര്‍ പെരിയ, ബേഡകം തുടങ്ങിയ പഞ്ചായത്തുകളില്‍ അസി. സെക്രട്ടറിമാരുടെയും കൃഷി ഓഫീസറുടെയും അക്കൗണ്ടന്റുമാരുടെയും കസേര ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ബളാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയുടെയും ഹെഡ് ക്ലാര്‍ക്കിന്റെയും തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. പദ്ധതിയുടെ മൃഗീയഭാഗം ചെലവഴിക്കേണ്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പല പഞ്ചായത്തിലും സ്ഥിരമായി അസി. എഞ്ചിനീയര്‍മാരില്ല. നിലവിലുള്ള എഞ്ചിനീയര്‍മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ പഞ്ചായത്തുകളിലെ അധികച്ചുമതലയും പ്രശ്‌നം ഗുരുതരമാക്കുന്നു.
പല പഞ്ചായത്തുകളിലും എസ്റ്റിമേറ്റ് പ്രവര്‍ത്തികള്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ജില്ലയില്‍ നടന്നുവരുന്ന ക്വാറി സമരവും പദ്ധതി നിര്‍വഹണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടെണ്ടര്‍ വിളിച്ച പല പദ്ധതികളും മെറ്റല്‍ ക്ഷാമംമൂലം പ്രവൃത്തി തുടങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ്. അസോസിയേഷന്‍ ഇത് ഗൗരവമായെടുക്കും. റോഡ് നിര്‍മാണത്തിന് ആവശ്യമായ താറും എമോഷനും എറണാകുളത്ത് നിന്ന് റിഫൈനറിയില്‍ നിന്ന് മാത്രം എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അടിയന്തിരമായും പുനപരിശോധിച്ച് ഈ വര്‍ഷമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡണ്ട് എ.എ ജലീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു കട്ടക്കയം സ്വാഗതം പറഞ്ഞു. വിവിധ പഞ്ചായത്തു പ്രസിഡണ്ടുമാരായ മുസ്തഫ ഹാജി (ദേലമ്പാടി), ഭാരതി (പൈവളിഗെ), രൂപവാണി (എന്‍മകജെ), സി. രാമചന്ദ്രന്‍ (ബേഡഡുക്ക), മാധവന്‍ മണിയറ (ചെറുവത്തൂര്‍), പുണ്ടരികാക്ഷ (കുമ്പള), ഷംസാദ് ഷുക്കൂര്‍ (മീഞ്ച), പ്രസീത രാജന്‍ (വെസ്റ്റ് എളേരി), കെ. ശകുന്തള (കയ്യൂര്‍ ചീമേനി), പി ഇന്ദിര (പള്ളിക്കര), ഷാഹിന സലിം (ചെങ്കള), ശാരദ എസ്. നായര്‍ (പുല്ലൂര്‍ പെരിയ), കെ.എ മുഹമ്മദലി (ഉദുമ), ത്രേസ്യാമ്മ ജോസഫ് (കള്ളാര്‍), മാലതി സുരേഷ് (മധൂര്‍), അരുണ (പുത്തിഗെ) സംസാരിച്ചു.
Post a Comment
0 Comments