Type Here to Get Search Results !

Bottom Ad

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി: പോലീസ് സംഘമെത്തി പ്രതിപക്ഷ നേതാവിനെ പിടിച്ചുമാറ്റി


കാസര്‍കോട് (www.evisionnews.in): നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനിടെ ബി.ജെ.പി-മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. തിങ്കളാഴ്ച രാവിലെ പത്തരയോടെ ചേര്‍ന്ന വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ ചേംബറിലെത്തിയ പ്രതിപക്ഷ നേതാവ് പി. രമേശ് ഉള്‍പെടെയള്ള ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കി. 

തര്‍ക്കം ബഹളത്തിനും ക്രമസമാധാന പ്രശ്നത്തിനും ഇടയാക്കുമെന്ന സാഹചര്യമുണ്ടായതോടെ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കൗണ്‍സിലര്‍മാരെ പിന്തിരിപ്പിക്കുകയും പ്രതിപക്ഷനേതാവിനെ പിടിച്ചുമാറ്റുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം അലങ്കോലപ്പെട്ടു.

കഴിഞ്ഞ നഗരസഭാ യോഗത്തില്‍ ബി.ജെ.പിയുടെ പ്രതിഷേധത്തിനിടെ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിനും കൗണ്‍സിലര്‍ ഹമീദ് ബെദിരക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ പി. രമേശ് ഉള്‍പെടെ അഞ്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയര്‍പേഴ്‌സണ്‍ മൂന്നു ദിവസത്തേക്ക് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad