കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ഗവ. കോളജ് ഗ്രൗണ്ടിലുമായി നടന്ന ഏഴാമത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി. എറണാക്കളുത്തെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത എറണാകുളം നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തു. എറണാകുളത്തിന് വേണ്ടി ജോബി പുറത്താകാതെ 52 റണ്‍സെടുത്തെങ്കിലും മലപ്പുറത്തിന്റെ ബാറ്റിംഗ് മികവില്‍ എറണാകുളം തകര്‍ന്നു.
മലപ്പുറത്തിന് വേണ്ടി ക്യാപ്റ്റന്‍ അബ്ദുല്‍ വഹാബ് പുറത്താകാതെ 42 റണ്‍സും മുഹമ്മദ് സുഹൈല്‍ പുറത്താകാതെ 32 റണ്‍സും നേടി. 12.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മലപ്പുറം ലക്ഷ്യം കണ്ടത്. മുഹമ്മദ് റാഷിന്‍ 30 റണ്‍സും മൂന്ന് വിക്കറ്റും നേടി. ക്യാപ്റ്റന്റെ കളി മികവോടെ അബ്ദുല്‍ വഹാബാണ് മാന്‍ ഓഫ് ദി മാച്ച്.
വിവിധ മത്സരങ്ങളില്‍ കോട്ടയം തൃശൂരിനേയും തിരുവനന്തപുരം വയനാടിനേയും പരാജയപ്പെടുത്തി. തിരുവനന്തപുരം നാല് വിക്കറ്റിനാണ് വയനാടിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരത്തിന്റെ നിതീഷ് മാന്‍ ഓഫ് ദി മാച്ചായി. കേരളത്തിലെ 14 ടീമുകള്‍ മാറ്റുരച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്ത് കളിക്കാരുമായി പരിചയപ്പെട്ടു. സമാപന സമ്മേളനം കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫ് ദി ഡഫ് ജനറല്‍ സെക്രട്ടറി വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. കെ.ടി ജോഷി മോന്‍, പി രാജീവ് കുമാര്‍, മുഹമ്മദ് അമീന്‍, ലത്തീഫ്, മുഹമ്മദ് റഷാദ് പ്രസംഗിച്ചു.
Post a Comment
0 Comments