ചെന്നൈ : (www.evisionnews,in) രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനുവേണ്ടി ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റത്തിനു വിജയം. മധുരയില്‍ നാളെ രാവിലെ 10ന് ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനം. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം മധുരയിലേക്ക് തിരിക്കും. ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അംഗീകാരം നല്‍കി. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങള്‍ തുടങ്ങി. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പുറപ്പെടുവിച്ചതിനെ തുടര്‍ന്നു തമിഴ്‌നാട്ടിലെ എല്ലാ സ്ഥലങ്ങളിലും നാളെ ജെല്ലിക്കെട്ട് നടക്കുമെന്നു മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അറിയിച്ചു. മധുരയിലെ അളകാനെല്ലൂരില്‍ നാളെ പത്തിനു പനീര്‍സെല്‍വം ഉദ്ഘാടനം ചെയ്യും. മറ്റു സ്ഥലങ്ങളിലെ ജെല്ലിക്കെട്ടുകള്‍ രാവിലെ 11ന് അതാതു ജില്ലകളിലെ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ വന്‍ പ്രക്ഷോഭമാണ് നടന്നത്. അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.
അതിനിടെ, ജെല്ലിക്കെട്ട് പ്രക്ഷേഭവുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ റദ്ദാക്കിയതിനു പകരമായി എറണാകുളത്തേക്കു ഇന്ന് ചെന്നൈയില്‍ നിന്നു സ്‌പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും. ചെന്നൈ എഗ്മൂര്‍– എറണാകുളം സ്‌പെഷല്‍(06013) രാത്രി 10.40ന് ചെന്നൈ എഗ്മൂറില്‍ നിന്നു പുറപ്പെട്ടു നാളെ രാവിലെ 10.30ന് എറണാകുളത്തെത്തും.
Post a Comment
0 Comments