കൊച്ചി: (www.evisionnews.in) കോഴിക്കോട് മാറാട് രണ്ടാം കലാപത്തിനു പിന്നിലെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സിബിഐ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) സമര്‍പ്പിച്ചു. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച എഫ്‌ഐആര്‍ തന്നെയാണ് സിബിഐ റജിസ്റ്റര്‍ ചെയ്തത്. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയാണ് ഈ കേസ് അന്വേഷിക്കാന്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിനെ ചുമതലപ്പെടുത്തിയത്. കലാപത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങളാണു സിബിഐ സൂപ്രണ്ട് പി.ഷിയാസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുന്നത്. 2003 ലാണ് മാറാട് രണ്ടാമതും കലാപമുണ്ടായത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളായ പി.പി.മൊയ്തീന്‍ കോയ, മൊയീന്‍ ഹാജി, എന്‍ഡിഎഫ് പ്രവര്‍ത്തകര്‍, മാറാട് മഹല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണു പ്രതിപ്പട്ടികയില്‍.
പ്രതികള്‍ ഗൂഢാലോചന നടത്തി അക്രമം അഴിച്ചുവിടാന്‍ കലാപകാരികള്‍ക്കു പണവും സഹായങ്ങളും നല്‍കിയെന്നാണ് ആരോപണം. മാറാട് ഒന്‍പതു പേര്‍ മരിക്കാനിടയായ സംഭവം അന്വേഷിച്ച തോമസ് പി.ജോസഫ് കമ്മീഷന്‍ കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. കേസില്‍ തുടരന്വേഷണം നടത്താനായി ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള മുഴുവന്‍ രേഖകളും അന്വേഷണ റിപ്പോര്‍ട്ടുകളും സിബിഐ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു.
അന്വേഷണത്തിനായി സിബിഐ പ്രത്യേക ക്യാംപ് ഓഫിസ് മാറാട് തുറക്കും. ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്ന മുഴുവന്‍ സാക്ഷികളുടെയും മൊഴികള്‍ വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിപ്പട്ടികയിലുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളെ വിശദമായി ചോദ്യം ചെയ്യും.
Post a Comment
0 Comments