Type Here to Get Search Results !

Bottom Ad

ചില സ്ഥാപനങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ഞെട്ടല്‍: വിമര്‍ശിച്ച് മുഖ്യമന്ത്രി


കോഴിക്കോട് : (www.evisionnews.in) സ്വാശ്രയ കോളജുകളില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കോളജുകളുകളുടെ പേരു കേള്‍ക്കുമ്പോള്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് ഞെട്ടലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജ്, കോട്ടയം മറ്റക്കര ടോംസ് കോളജ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം, വിദ്യാര്‍ഥി സമരം ഏറെ രൂക്ഷമായിട്ടുള്ള തിരുവനന്തപുരം ലോ അക്കാദമിയെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചതേയില്ല.

സ്വാശ്രയമേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ തന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എലത്തൂര്‍ നിയോജക മണ്ഡലം സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ ഭയാശങ്ക അകറ്റാന്‍ കൃത്യമായ തീരുമാനം യോഗത്തിലുണ്ടാവും. ചില പേരുകള്‍ സ്വാശ്രയ കോളജുകളോടു ചേര്‍ത്തു പറയുമ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടുകയാണ്. ചാച്ചാ നെഹ്‌റു എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടം തോന്നും. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതു ഞെട്ടലോടെയാണു വിദ്യാര്‍ഥികള്‍ കേട്ടത്. ടോംസ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേരാണ്. പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്കും ടോംസ് എന്നാണു പേര്. എന്നാല്‍ ടോംസ് കോളജ് എന്നു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ഭയപ്പെടുന്നു  മുഖ്യമന്ത്രി പറഞ്ഞു.

ഈ മേഖലയില്‍ വല്ലാത്തൊരു സാഹചര്യം ഉയര്‍ന്നു വരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യം സമൂഹത്തിനു ഭൂഷണമല്ല. ഇതു സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. സര്‍വകലാശാലകള്‍ വഴി ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad