കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് ബീച്ചില്‍ സായാഹ്നം ചെലവഴിക്കാനെത്തിയ ദമ്പതിമാര്‍ക്ക് നേരേ സദാചാര ഗുണ്ടകളുടെ ഭീഷണി. തിങ്കളാഴ്ച വൈകീട്ട് കാസര്‍കോട് കടപ്പുറത്ത് ലൈറ്റ് ഹൗസിന് സമീപമാണ് സംഭവം. ഉളിയത്തടുക്കയിലെ ദമ്പതികള്‍ക്ക് നേരേയാണ് സദാചാര ഗുണ്ടകളുടെ ഭീഷണി ഉണ്ടായത്. ദമ്പതികളാണെന്ന് പറഞ്ഞെങ്കിലും സദാചാര ഗുണ്ടാ സംഘം, നിങ്ങള്‍ ദമ്പതികളല്ലെന്നും എന്തിനാണ് ഇവിടെ വന്നതെന്നും പറഞ്ഞാണ് ഭീഷണി തുടങ്ങിയത്. ദമ്പതികളാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും സംഘം പിന്‍വാങ്ങിയില്ല. ഇതിനിടയില്‍ ആരോ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ദമ്പതികളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും അവര്‍ പരാതി നല്‍കാത്തതിനാല്‍ കസ്റ്റഡിയിലെടുത്തവരെ പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.
കാസര്‍കോട് ബീച്ചിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്ന ഒരു സംഘം സജീവമായിട്ടുണ്ടെന്ന പരാതി നേരത്തെയുണ്ട്. ഭീഷണിപ്പെടുത്തി ചിലരില്‍ നിന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൈക്കലാക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ബീച്ചിലെ ഒഴിഞ്ഞ ഇടങ്ങളില്‍ ഇരുന്ന് സംഘം മദ്യപിക്കുന്നതും പതിവാണത്രെ. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments