മുള്ളേരിയ (www.evisionnews.in): ഹൈസ്‌കൂള്‍ പരിസരത്തെ ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ നടത്തിയ ജനകീയസമരം ഫലംകണ്ടു. കൂടിയാലോചനകളില്ലാതെ മദ്യഷാപ്പ് തുറക്കില്ലെന്ന് കലക്ടര്‍ കെ. ജീവന്‍ബാബു സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. ഇതിനെ തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന അനിശ്ചിതകാല കുത്തിയിരിപ്പുസമരം പിന്‍വലിച്ചു. മദ്യഷാപ്പിനായി കണ്ടെത്തിയ കെട്ടിടത്തിന് മുമ്പില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സമരം ആരംഭിച്ച സാഹചര്യത്തിലാണ് കലക്ടര്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിച്ച ശേഷം മാത്രമെ, പഞ്ചായത്തിന്റെ പരിധിയില്‍ മദ്യഷാപ്പ് തുറക്കുകയുള്ളൂവെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. സമരസമിതി അധ്യക്ഷ കൂടിയായ പഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്ന, വൈസ് പ്രസിഡണ്ട് എം. ഗോപാലകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ. വാരിജാക്ഷന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. രേണുകാദേവി, മുഹമ്മദ് പട്ടാങ്ക്, ഹസന്‍ബാവ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള വിദേശമദ്യഷാപ്പുകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്കയിലെ ബീവ്‌റേജസ് കോര്‍പറേഷന്‍ ചില്ലറ വില്‍പനശാല മുള്ളേരിയയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മദ്യഷാപ്പിനായി കണ്ടെത്തിയ കെട്ടിടത്തില്‍ കഴിഞ്ഞ 25ന് പുലര്‍ച്ചെ ലോറിയില്‍ മദ്യം എത്തിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
Post a Comment
0 Comments