കാസര്‍കോട് (www.evisionnews.in): പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകി (68) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറി. സംഭവം സംബന്ധിച്ച് ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുണ്ടാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് പരിയാരത്തെത്തി പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ കാണും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കേസില്‍ അന്വേഷണം സുഗമമാക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
അതേസമയം, കമ്മലും മുക്കുത്തിയും മോഷണം പോയിരുന്നില്ല. വീട്ടിലെ എല്ലാസാധനങ്ങളും അടുക്കിവെച്ച നിലയിലാണ്. മോഷണശ്രമത്തിന്റെ അടയാളങ്ങളില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ ദൂരൂഹത ഏറുകയാണ്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണം സുഗമമാവൂ എന്നാണ് പോലീസ് പറയുന്നത്. വീടിന് കുറച്ചകലെ പാറപ്പുറത്ത് മദ്യകുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുറച്ചുമദ്യം ബാക്കിയുണ്ട്. വെള്ളത്തിനായി വീട്ടിലേക്ക് പോയവര്‍ കൊലനടത്തിയതാണോ എന്ന സംശയവുമുണ്ട്. ഇതിനിടെ പെരിയാട്ടടുക്കത്ത് ക്വാര്‍ട്ടേഴ്സിലും മറ്റും താമസിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബംഗാള്‍, ഒറീസ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ പെരിയാട്ടടുക്കത്ത് ക്വാര്‍ട്ടേഴ്സുകളിലും വാടകവീടുകളിലും താമസിക്കുന്നുണ്ട്. തനിച്ച് താമസിക്കുന്ന പെരിയാട്ടടുക്കം കാട്ടിയടുക്കം മുനിക്കലിലെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ വീട്ടില്‍ കഴിയുന്ന മൂത്തമകന്‍ ശ്രീധരനാണ് ദേവകിയെ മരിച്ചുകിടക്കുന്നത് കണ്ടത്. ഓടിട്ട വീടിന്റെ അടുക്കളവാതില്‍ അകത്തുനിന്ന് വീട് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ പകുതിതുറന്ന നിലയിലുമായിരുന്നു. എന്നാല്‍ കൊലനടന്നത് എപ്പോഴാണെന്ന് കൃത്യമായി കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഭക്ഷണം കഴിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ് കൊലനടന്നതെന്നാണ്
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിഗമനം. വ്യാഴാഴ്ച രാത്രി പത്ത് മണിവരെ ടി.വി പരിപാടിയുടെ ശബ്ദം അടുത്ത വീട്ടുകാര്‍ കേട്ടിരുന്നു. പത്ത് മണിക്ക് ഭക്ഷണം കഴിച്ചാല്‍ കൊലനടന്നത് ഏകദേശം പുലര്‍ച്ചെ മൂന്ന് മണിക്കായിരിക്കാമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ദേവകിയെ പരിചയമുള്ളവര്‍ തന്നെയായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. സംഭവദിവസമോ അടുത്ത ദിവസങ്ങളിലായോ വീട്ടില്‍ വന്നവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടന്നുവരുന്നു. അതിനായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണവും പുരോഗമിക്കുകയാണ്.
Post a Comment
0 Comments