ചട്ടഞ്ചാല്‍ (www.evisionnews.in): പഴയകാല ഓര്‍മകള്‍ അയവിറക്കി ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഒരിക്കല്‍കൂടി സ്‌കൂള്‍ മുറ്റത്ത് സംഗമിച്ചു. ക്ലാസ് മുറികളിലെ അനുസരണയുള്ള കുട്ടികളായി അധ്യാപകര്‍ ക്ലാസില്‍ വരുമ്പോള്‍ അഭിവാദ്യം പറഞ്ഞ് അവര്‍ വരവേറ്റു. പുസ്തകത്തിന് പകരമായി പുതിയ കാലത്തെ സാഹചര്യത്തെയും സാമൂഹിക പ്രതിബദ്ധതയെയും പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും ജീവകാരുണ്യ ജനസേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസെടുത്തപ്പോള്‍ അക്ഷമരായി അവര്‍ കേട്ടുനിന്നു. 16 വര്‍ഷങ്ങള്‍ മുതല്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പഠിച്ചിറങ്ങിയവര്‍ പഴയകാല ഓര്‍മകള്‍ അയവിറക്കിയും പരസ്പരം പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും മധുരം നുകര്‍ന്നും ഗ്രൂപ്പ് ഫോട്ടോകളെടുത്തും മധുരസ്മരണകള്‍ നിലനിര്‍ത്തി.
രണ്ട് ദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് തെക്കില്‍പറമ്പ യൂ.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയായ കെ.പി ജെയിംസ് (അസി. കമ്മീഷണര്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോര്‍സ്) ഫഌഗ് ഓഫ് ചെയ്തു. റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ് വളണ്ടിയര്‍മാനരുടെ അകമ്പടിയോടെ ബാന്റ്‌മേളം, ശിങ്കാരിമേളം, ദഫ്മുട്ട് എന്നിവയുടെ താളച്ചുവടില്‍ മുത്തുകൂട ചൂടിയ മഹിളകള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ അണിനിരന്ന ഘോഷയാത്ര ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അവസാനിച്ചു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കെ. മൊയ്തീന്‍ കുട്ടി ഹാജി (മാനേജര്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ (ചെയര്‍മാന്‍, പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ) അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ ബിജുകുട്ടന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയകൃഷ്ണന്‍ നായര്‍ എം. സ്വാഗതവും ഷരീഫ് ചെര്‍ക്കള നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലോത്സവപ്രതിഭകളുടെ കലാവിരുന്നും ഗാനമേളയും അരങ്ങേറി.
രണ്ടാം ദിവസം ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ബാച്ചുകള്‍ തിരിച്ച് പ്രത്യേകം തയാറാക്കിയ ക്ലാസ് മുറികളില്‍ ഒത്തുകൂടി. കുടുംബസംഗമവും ഓരോ ബാച്ചും പ്രത്യേകം കലാപരിപാടികളും അവതരിപ്പിച്ചു.
വൈകിട്ട് ആറു മണിക്ക് ഔപചാരികമായ ഉദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന രാധാകൃഷ്ണന്‍ മാസ്റ്ററെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു. പ്രഥമ വിദ്യാര്‍ത്ഥി കെ.എം. അബ്ദുല്ലക്കുഞ്ഞിയെ എന്‍.എ ഹാരിസ് എം.എല്‍.എ (ബാംഗ്ലൂര്‍) അനുമോദിച്ചു. പ്രശസ്ത സിനിമ താരം അബുസലീം മുഖ്യാതിഥിയായിരുന്നു. മണ്‍മറഞ്ഞുപോയ സ്ഥാപക മാനേജര്‍ ടി.കെ അബ്ദുല്‍ ഖാദര്‍ ഹാജി, മാനേജിംഗ് കമ്മിറ്റി അംഗം ടി.കെ. മാഹിന്‍ ഹാജി, അധ്യാപകരായ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, മാധവ കായര്‍ത്തായ എന്നിവരെ അനുസ്മരിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ കവിതാസമാഹാരം 'സഹപാഠി' മന്ത്രി ഇ. ചന്ദ്രശേഖരന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് കുഞ്ഞി ചായിന്റടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍കുട്ടി ഹാജി, ശ്രീധരന്‍ മുണ്ടോള്‍, എം. മോഹനന്‍ നായര്‍, പി.കെ. ഗീത, നാരായണന്‍ നായര്‍, ഹാരിസ് ബെണ്ടിച്ചാല്‍, ടി.കെ അബ്ദുല്‍ നസീര്‍ സംസാരിച്ചു. തുടര്‍ന്ന് കോട്ടയം നസീറിന്റെ മെഗാ ഷോ അരങ്ങേറി.
Post a Comment
0 Comments