Type Here to Get Search Results !

Bottom Ad

സങ്കടവും ദുരിതവും മറന്ന പകല്‍: ബേക്കലിന്റെ സ്നേഹം ഏറ്റുവാങ്ങി പാലിയേറ്റീവ് സഹോദരങ്ങള്‍


മഞ്ചേശ്വരം (www.evisionnews.in): ദുരിതത്തിന്റെയും ദുരന്തത്തിന്റെയും വേദനിക്കുന്ന നിമിഷത്തില്‍ നിന്നും ബേക്കലിന്റെ ആഹ്ലാദത്തിലേക്ക് ലയിച്ചപ്പോള്‍ പാലിയേറ്റീവ് സഹോദരങ്ങളും മുഖവും മനസും ഒരുപോലെ നിറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും സെക്കണ്ടറി പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന സ്നേഹകൂട്ടമാണ് വേറിട്ട അനുഭവമായി മാറിയത്. 

അരയ്ക്കു താഴെ തകര്‍ന്ന് വിരസതയിലേക്കും വീല്‍ ചെയറിലേക്കും വീണുപോയ സഹോദരങ്ങളുടെ മനസില്‍ പുതിയ ഉണര്‍വ്വും ആത്മവിശ്വാസവും പകരുന്നതായി ക്യാമ്പ് മാറി. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാലിയേറ്റീവ് സഹോദരങ്ങളാണ് ക്യാമ്പിലെത്തിയത്. രാവിലെ പതിനൊന്നു മണിയോടെ ബേക്കലിന്റെ പച്ചപ്പ് തൊട്ട അവര്‍ കടലിനോട് കഥപറഞ്ഞും കൂട്ടുകാരോട് കൂട്ടുകൂടിയും സ്നേഹകൂട്ടിനെ ഓര്‍മകൂട്ടാക്കി മാറ്റി. വിധിക്കുമുന്നില്‍ തോല്‍ക്കാന്‍ മനസില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഓരോരുത്തരും ക്യാമ്പ് ഹാളിലേക്ക് കടന്നുവന്നത്. 

കരവിരുതില്‍ വിസ്മയം തീര്‍ത്തും വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും അവര്‍ തങ്ങളുടെ ആത്മവിശ്വാസത്തിന് പിന്നെയും നിറംപകര്‍ന്നു. എല്ലാകഴിവുകളുണ്ടായിട്ടും ഒന്നും ചെയ്യാത്തവരെ നാണം കെടുത്തും വിധമായിരുന്നു ഓരോരുത്തരുടെയും ഊര്‍ജ്ജസ്വലതയും മിടുക്കും. ജീവിതം തോല്‍ക്കാനുള്ളതല്ല ജയിച്ച് കാണിച്ചുകൊടുക്കാനുള്ളതാണെന്ന് അവര്‍ പറയാതെ പറഞ്ഞു. 

നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ എന്നും കൂടെയുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ തുടിക്കുന്ന ആത്മവിശ്വാസത്തോടെ നിറഞ്ഞ കയ്യടി നല്‍കി അവര്‍ അതിനെ വരവേറ്റു. ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്ത ചടങ്ങ് ഏറെ പ്രൗഡമായിരുന്നു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. 

ഉദ്ഘാടന ചടങ്ങിന് ശേഷം കിറ്റ് വിതരണം. അതിനിടയില്‍ പാലിയേറ്റീവ് സഹോദരന്‍ കരിമിന്റെ ഹിന്ദി, മലയാളം മാപ്പിളപ്പാട്ടുകള്‍. അതോടൊപ്പം മാസ്റ്റര്‍ നുഹ്മാന്റെ മനോഹരമായ ഗാനവും. വൈകിട്ട് ബീച്ചിന്റെ മനോഹാരിത നുകര്‍ന്ന് കടലോരത്തൂടെ വീല്‍ചെയറിലൊരു കറക്കം. ഈ ദിവസം ഒരിക്കലും അസാനിക്കരുതെ എന്ന പ്രാര്‍ത്ഥനയേടെയാണ് ഓരോരുത്തരും ബേക്കലിനോട് വിടപറഞ്ഞത്. 

ബ്ലോക്ക് പ്രസിഡണ്ട് എ.കെ.എം അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മമത ദിവാകര്‍ സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് സഹോദരങ്ങള്‍ക്കുള്ള ഉപഹാരം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം ഷരീഫ് കാപ്പില്‍ വിതരണം ചെയ്തു. എഴുത്തുകാരന്‍ എ.ബി കുട്ടിയാനം ക്ലാസെടുത്തു. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, രൂപവാണി ആര്‍. ഭട്ട്, മുഹമ്മദ് മുസ്തഫ, മിസ്വാന, കെ.ആര്‍ ജയാനന്ദ്, പ്രസാദ് റൈ, കെ. ഹസീന, രജ്ഞിഷനായര്‍, ഷിജി മനോജ്, ഷാപ്പി പ്രസാദ്, ജമീല സിദ്ദീഖ്, എ. ആയിഷ, ബി.എം മുസ്തഫ, ഫാത്തിമത്ത് സുഹ്റ, അബു തമാം, റൈഷാദ് ഉപ്പള, ഹംസ ഹിദായത്ത് നഗര്‍, സെഡ്.എ കയ്യാര്‍ സംബന്ധിച്ചു.




മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും സെക്കണ്ടറി പാലിയേറ്റീവ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ബേക്കല്‍ ബീച്ചില്‍ നടന്ന പാലിയേറ്റീവ് സഹോദരങ്ങളുടെ സ്നേഹകൂട്ടം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു 

Post a Comment

0 Comments

Top Post Ad

Below Post Ad