Type Here to Get Search Results !

Bottom Ad

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാളുന്നു: 9.85 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ തിരികെയെത്തി


ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളിപ്പണക്കാര്‍ക്ക് 'കൊട്ടെന്ന് ' വിശേഷിപ്പിച്ച് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്ത്രം പാളിയെന്ന് ധനകാര്യ വിദഗ്ധര്‍. കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമപ്പുറം അസാധു നോട്ടുകള്‍ പൊതുജനങ്ങളില്‍നിന്ന് തിരികെ ലഭിച്ചതോടെയാണ് കള്ളപ്പണക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയം ബലപ്പെടുന്നത്. ശനിയാഴ്ച രാത്രിവരെ 9.85 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകള്‍ ബാങ്കുകളിലൂടെയും മറ്റുമായി സര്‍ക്കാരിലേക്ക് തിരികെയെത്തിയെന്നാണ് വിവരം. അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച സമയത്തില്‍ മൂന്നാഴ്ചയിലധികം ബാക്കി നില്‍ക്കെ, ഇനിയും വന്‍തുകയുടെ നോട്ടുകള്‍ സര്‍ക്കാരിലേക്ക് തിരികെയെത്താനാണ് സാധ്യത.

500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുന്നതോടെ കള്ളപ്പണക്കാരുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന മൂന്നു ലക്ഷം കോടിയലധികം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ പണത്തിന്റെ മൂല്യം നഷ്ടമാകുന്നതോടെ കള്ളപ്പണത്തിന്റെ ഗണ്യമായൊരു ഭാഗം അസാധുവായി മാറുമെന്നും സര്‍ക്കാര്‍ വിലയിരുത്തി. എന്നാല്‍, സര്‍ക്കാര്‍ കണക്കാക്കിയതിലുമധികം തുകയുടെ അസാധു നോട്ടുകളാണ് ഡിസംബര്‍ മൂന്ന് രാത്രി വരെ തിരികെയെത്തിയത്. 

നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഡിസംബര്‍ 30 വരെ സമയമുള്ളതിനാല്‍ ഇനിയും സംഖ്യയില്‍ വര്‍ധനുണ്ടാകും. നോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുന്ന സമയത്ത് 14.6 ലക്ഷം കോടി രൂപയുടെ 500, 1000 രൂപാ നോട്ടുകള്‍ വിപണിയിലുണ്ടെന്നായിരുന്നു കണക്ക്. നോട്ടുകള്‍ അസാധുവായി പ്രഖ്യാപിക്കുന്നതോടെ ഇതില്‍ 10 ശതമാനമെങ്കിലും കള്ളപ്പണമെന്ന പേരില്‍ അപ്രത്യക്ഷമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ഇത്രയും അസാധുനോട്ടുകള്‍ തിരികെയെത്താതാകുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇതു ഗുണകരമാകുമെന്നും വിലയിരുത്തലുകളുണ്ടായി.

എന്നാല്‍, സര്‍ക്കാരിന്റെ കണക്കുകൂട്ടലുകളെയെല്ലാം പൊളിക്കുന്ന വിധത്തിലുള്ള അസാധുനോട്ടുകളുടെ ഒഴുക്കാണ് ഇതുവരെ ഉണ്ടായത്. കൈവശമുള്ള രേഖകളില്ലാത്ത പണം വെളുപ്പിക്കാന്‍ കള്ളപ്പണക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തിയെന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പണമൊഴുക്ക്. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad