Type Here to Get Search Results !

Bottom Ad

അഞ്ചേരി ബേബി വധം: മന്ത്രി എം.എം. മണിയെ വിചാരണ ചെയ്യും


തൊടുപുഴ:(www.evisionnews.in) അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം. മണി സമർപ്പിച്ച വിടുതൽ ഹർജി തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി തള്ളി. ഹർജി തള്ളിയതോടെ എം.എം. മണിക്കു വിചാരണ നേരിടേണ്ടി വരും. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യവും കോടതി അംഗീകരിച്ചു. കെ.കെ. ജയചന്ദ്രനെയും സിഐടിയു ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എ.കെ. ദാമോദരനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കേസിൽനിന്നു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് മണി ഹർജി നൽകിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്. എന്നാൽ, ഈ ഘട്ടത്തിൽ വിടുതൽ ഹർജി അനുവദിക്കാനാവില്ലെന്നു കോടതി അറിയിച്ചു. 

യൂത്ത് കോൺഗ്രസ് നേതാവായ അഞ്ചേരി ബേബിയെ എം.എം. മണി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നതാണു കേസ്. 1982ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് ഒൻപതു പേർക്കെതിരേ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും 1988ൽ സെഷൻസ് കോടതി പ്രതികളെ വെറുതേ വിട്ടു. ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു. 2012ൽ മണക്കാട് എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നാണു രണ്ടാമതു കുറ്റപത്രം സമർപ്പിച്ചത്. ആദ്യകേസിൽ പ്രതികളായിരുന്നവരെ കോടതി വെറുതേവിട്ട സാഹചര്യത്തിൽ രണ്ടാമത്തെ കേസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണു മണിയുടെ വാദം. അഞ്ചേരി ബേബി വധക്കേസിൽ തുടർച്ചയായി രണ്ടു തവണ ഹാജരാകത്തതിന്റെ പേരിൽ മണിയെ കോടതി താക്കീതു ചെയ്തിരുന്നു. തുടർന്നു വൈദ്യുതി മന്ത്രിയായി ചുമതലയേറ്റശേഷം കഴിഞ്ഞ 26ന് മണി കോടതിയിൽ ഹാജരായി. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം കഴിഞ്ഞ ഒൻപതിനു വിധി പറയാൻ മാറ്റിവച്ചിരുന്നു. കേസ് പരിഗണിച്ചപ്പോൾ ഇരുപത്തിനാലിലേക്കു മാറ്റുകയായിരുന്നു. മണിയുടെ വിവാദ വെളിപ്പെടുത്തലും സാക്ഷി മൊഴിയുമാണ് വിനയായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതേ കേസിൽ പ്രതികളായിരുന്നവരെ വെറുതേ വിട്ടതിനാൽ കേസ് നിലനിൽക്കില്ലെന്ന വാദം മണിയുടെ അഭിഭാഷകർ ഉന്നയിച്ചിരുന്നെങ്കിലും കോടതി ഇതു തള്ളി. അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 




key words; mm-mani-anjeri


Post a Comment

0 Comments

Top Post Ad

Below Post Ad