Type Here to Get Search Results !

Bottom Ad

ജനഗണമന ആര്‍എസ്എസ് തന്ത്രത്തിന് നിന്നുകൊടുക്കരുത് കോടിയേരിയേയും മന്ത്രി ബാലനേയും തള്ളി എം.എ ബേബി


കൊച്ചി (www.evisionnews.in): ദേശീയഗാനത്തെ വിവാദവിഷയമാക്കിയും ജനങ്ങളെ തമ്മിലടിപ്പിക്കാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ദേശീയ പതാക, ഗാനം തുടങ്ങിയ ദേശീയ ചിഹ്നങ്ങളോടോ ജനാധിപത്യം, മതേതരത്വം തുടങ്ങിയ ദേശീയ മൂല്യങ്ങളോട് ആര്‍എസ്എസ് ഒരിക്കലും ആദരവ് കാണിച്ചിട്ടില്ല. ടാഗോറിന്റെ ജനഗണമന, ത്രിവര്‍ണ പതാക എന്നിവ മാറ്റി വന്ദേമാതരവും കാവിക്കൊടിയും ആ സ്ഥാനങ്ങളില്‍ കൊണ്ടു വരണമെന്ന് വാശിയുള്ളവരാണവരെന്നും ബേബി തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. 

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിലെ വന്ദേമാതരത്തിന്റെ പൂര്‍ണരൂപത്തില്‍ മുസ്‌ളിങ്ങള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടാവുന്ന ചില വരികള്‍ ഉണ്ട് എന്നതാണ് ഇവര്‍ക്ക് അതിനോടുള്ള സ്‌നേഹത്തിന് കാരണം, അല്ലാതെ ദേശസ്‌നേഹമൊന്നുമല്ല. ദേശീയചിഹ്നങ്ങള്‍ ജനങ്ങളില്‍ ഐക്യം ഉണ്ടാക്കാനുള്ളതാണ്, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതല്ല.

ഇന്ത്യയുടെ ദേശീയഗാനത്തെ എല്ലാവരും ബഹുമാനിക്കുന്നു. പക്ഷേ, ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമായി പാടണമെന്ന് നാട്ടില്‍ നിയമമില്ല. അത്തരത്തില്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നായല്ല ദേശീയഗാനത്തെ നമ്മുടെ ഭരണഘടനയും പിന്നീടുണ്ടായ നിയമങ്ങളും കണ്ടത്. ദേശീയഗാനം എവിടെയെങ്കിലും നിര്‍ബന്ധമാണെന്നോ ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റു നില്ക്കണമെന്നോ നമ്മുടെ ഭരണഘടനയിലോ നിയമങ്ങളിലോ ഒരിടത്തും പറയുന്നില്ല. പാര്‍ലമെന്റിന്റെ സഭകളും നിയമസഭയും മറ്റും കൂടുമ്പോഴും സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്‌ളിയിലും ദേശീയഗാനം പാടണമെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശം കൊടുക്കാറുണ്ട്, നമ്മള്‍ അത് അനുസരിക്കുകയും ചെയ്യുന്നു. പക്ഷേ, സിനിമാ ഹാളുകളിലെല്ലാം ഓരോ പ്രദര്‍ശനത്തിനും മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും സിനിമ കാണാന്‍ വരുന്ന എല്ലാവരും എഴുന്നേറ്റ് നിന്ന് അത് കേള്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവാണ് ഇന്ന് വിവാദമുണ്ടാക്കിയിരിക്കുന്നത്. 

ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ അന്തസത്തയ്‌ക്കെതിരാണ് ഈ ഉത്തരവെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യയുടെ പരമോന്നത കോടതി തന്നെ താമസിയാതെ ഇത് തിരുത്തുമെന്നും തനിക്ക് വിശ്വാസമുണ്ടെന്നും ബേബി പറഞ്ഞു.

നേരത്തെ ജനഗണമന സിനിമാഹാളില്‍ പാടുന്നതിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി എകെ ബാലനും രംഗത്ത് വന്നിരുന്നൂ.

keywords:kerala-kochi-janaganamana-m-a-baby-fb-post-kodiyeri-minister-balan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad