Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കണം: കുമ്മനം

തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പോലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ആളെ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ച പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. പിടിയിലായ ആള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടത് പോലീസാണ്. അതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി അന്വേഷണം അട്ടിമറിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.

രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഏത് അന്വേഷണവും അട്ടിമറിക്കാന്‍ സാധിക്കും എന്ന അവസ്ഥയുണ്ടാകുന്നത് ആപത്താണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ പോലും സിപിഎം ഇടപെട്ട് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണ്. നിരപരാധിയാണെന്ന് അന്വേഷണത്തില്‍ തെളിയുന്നതിന് മുമ്പ് ഒരാളെ രാഷ്ട്രീയസമ്മര്‍ദ്ദം മൂലം വിട്ടയയ്ക്കേണ്ടി വരുന്നത് നിയമ സംവിധാനത്തെ അട്ടിമറിക്കുന്നതാണ്. തനിക്കെതിരെ തിരിഞ്ഞ പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബാര്‍ കോഴക്കേസ് അന്വേഷണഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.എം. മാണിയെ ന്യായീകരിച്ചതിനെതിരെ രംഗത്തുവന്ന പിണറായി വിജയനും സിപിഎം നേതാക്കളും ഭരണത്തിലെത്തിയതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad