അറബ് സാഹിത്യം ഇന്ന് സംവദിക്കുന്നത് ആദേശത്തിന്റെ മാറിവരുന്ന രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യലോകത്തും ഇന്ത്യയിലും അറബ് സാഹിത്യവും അറബ് എഴുത്തുകാരും ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇതിനെ ഈയ്യിടെ പ്രമുഖ അറബ് ചെറുകഥാകൃത്തും എഴുത്തുകാരിയുമായ മായി അല്‍ നഖീബ് വിമര്‍ശിക്കുകയുണ്ടായി. രാഷ്ട്രീയം മാത്രമല്ല അറബ് സാഹിത്യമെന്ന് തുറന്നടിച്ച മായി അറബ് എഴുത്തുകാരൊക്കെയും രാഷ്ട്രീയം തലക്ക്പിടിച്ചവരാണെന്നും അതിനാല്‍ അറബ് സാഹിത്യം അങ്ങിനെതന്നെയാണെന്ന് പാശ്ചാത്യ ലോകത്ത് നിലനില്‍ക്കുന്ന പൊതുസങ്കല്പ്പത്തെ അതിനിശിതമായി വിമര്‍ശിക്കുകയുമുണ്ടായി. മായി അല്‍ നഖീബ് എന്ന പ്രമുഖ ചെറുകഥാകാരി തന്റെ ആദ്യ അറബ് നോവലിന്റെ പണിപ്പുരയിലുമാണ്. രാഷ്ട്രീയത്തിനതീതമായ ഒരറബ് നോവല്‍ സാഹിത്യം ചെറുകഥക്കുള്ള രാജ്യാന്തര പുരസ്‌കാരം നേടിയ ഈ എഴുത്തുകാരിയില്‍ നിന്ന് അനുവാചകര്‍ പ്രതീക്ഷിച്ചിരിക്കുകയാണ്.
ആമുഖമായി ഇത്രയും കുറിച്ചതും അറബ് എഴുത്തുരാഷ്ട്രീയത്തിലേക്ക് ഒരെത്തിനോട്ടം നടത്തിയതും പ്രവാസ രാഷ്ട്രീയം പറയുന്ന മലയാളത്തിലിറങ്ങിയ ഒരു ചെറുനോവല്‍ ഭിന്നമായ ഒരു വായനാനുഭവം തന്നത് കൊണ്ടാണ്. ആ നോവല്‍ മറ്റേതുമല്ല. ഹരീഷ് പന്തക്കല്‍ എഴുതിയ 'ബാബ് അല്‍ ബഹറൈന്‍'. തെയ്യം എന്ന ആചാര രൂപത്തിന് ഫോക്‌ലോര്‍ രൂപത്തിന്റെ തികച്ചും വ്യത്യസ്തമായ ജീവിതത്തിന്റെ മറ്റൊരു പാഠഭേദമൊരുക്കിയ ആദ്യനോവലായ 'മരദൈവത്തിന്' ശേഷം ഹരീഷ് എഴുതിയ രണ്ടാമത്തെ നോവലാണ് 'ബാബ് അല്‍ ബഹറൈന്‍.' സമകാലിക അറബ് രാഷ്ട്രീയവും, മിഡില്‍ ഈസ്റ്റ് റവല്യൂഷനും, മുന്‍പ് നടന്ന ഗള്‍ഫ് യുദ്ധവും, ഇറാഖ് അധിനിവേശ പോരാട്ടവും പ്രമേയമാവുന്ന ഈ നോവല്‍ പ്രവാസം നിയോഗമായ മനുഷ്യരുടെ കഥയിലൂടെയാണ് മിഡില്‍ ഈസ്റ്റിന്റെ ബദല്‍ രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്.
പ്രവാസം എന്നത് മലയാളിയുടെകൂടെ പുറപ്പാടിന്റെ ചരിത്രമാണെന്നിരിക്കെ ലോകത്തെവിടെയും, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന രാഷ്ട്രീയ പ്രതിപ്രവര്‍ത്തനവും, ഭരണകൂട ഇടപെടലുകളും ഏതൊരു മലയാളിക്കും ഇന്ന് അന്യമല്ല. മിഡില്‍ ഈസ്റ്റ് മാധ്യമങ്ങള്‍ക്കും ലോകത്തിലെ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ക്കുമൊപ്പം തന്നെ ഗള്‍ഫില്‍ നിന്നും മലയാള മാധ്യമങ്ങളും, നവസമൂഹമാധ്യമങ്ങളും ഇത് തുറന്നുകാട്ടുന്നുമുണ്ട്. ഈ പുസ്തകകുറിപ്പ് എഴുതുമ്പോള്‍ പോലും ബഹറൈനില്‍ നിന്ന് ശുഭകരമല്ലാത്ത പ്രതിപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.
ഗള്‍ഫിലെ വിമതശബ്ദത്തിന്റെ സങ്കേതമാണ് ബഹറൈന്‍. ഈയ്യിടെ അറബ് ഭരണാധികാരികളുടെ ഉന്നത കൗണ്‍സില്‍ നിരീക്ഷിച്ചത്‌പോലെ മിഡില്‍ ഈസ്റ്റിലെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ആലോചനാ കേന്ദ്രം ബഹറൈന്‍ എന്ന കടല്‍ദേശമാണ്. ബാബ് അല്‍ ബഹറൈന്‍ എന്ന നോവല്‍ അത്തരം പ്രതിപ്രവര്‍ത്തനങ്ങളുടെ കഥപറയുന്നതോടൊപ്പം പ്രവാസം എങ്ങിനെ മലയാളിയുടെ നിയോഗമായിപോയി എന്ന അന്വേഷണവും നടത്തുന്നുണ്ട്.
'ബാബ് അല്‍ ബഹറൈന്‍' എന്നാല്‍ കടല്‍ദേശത്തിലേക്കുള്ള വാതില്‍ എന്നാണര്‍ത്ഥം. ബഹറൈന്റെ തലസ്ഥാന നഗരിയായ മനാമയില്‍ ഇത്തരമൊരു വാതില്‍ ഉണ്ടുതാനും. ഈ ഭൂമി വാതില്‍ക്കലില്‍ മലയാളിയായ ഒഞ്ചിയംകാരന്‍ ഗോവിന്ദന്‍ രംഗപ്രവേശം ചെയ്യുന്നതോടെയാണ് കഥയാരംഭിക്കുന്നത്. പിന്നീട് ഇറാനിയായ യാക്കൂബ് ഹസനിലൂടെ, ബഹറൈനി ഫര്‍സാനയിലൂടെ, സ്വദേശി അറബി സയ്യിദ് ജാഫ്രിയിലൂടെ, ഖുറൈശിയിലൂടെ അങ്ങിനെലോകത്തിന്റെ വിവിധ ദേശങ്ങളിലൂടെയുള്ള മനുഷ്യരിലൂടെ ഈ ചെറുകൃതി അവരുടെ ജീവിതം പറയുമ്പോള്‍ അത് കേള്‍പ്പിക്കുന്ന പുതിയലോകം വായനക്കാരനെ വിസ്മയിപ്പിക്കുകതന്നെ ചെയ്യുന്നു. ഒരുവേള സംശയിച്ച് പോകുന്നു ഇങ്ങ് കേരളത്തില്‍ ആളനക്കം കേള്‍പ്പിക്കാതെ കഴിയുന്ന ഒരു ചെറിയ എഴുത്തുകാരന് ഇത്തരമൊരു എഴുത്ത് എങ്ങിനെ സാധ്യമായി എന്ന്.
ബഹറൈനില്‍ പ്രവാസിയായി ജീവിതം കഴിച്ച കാലത്തും പിന്നീട് മാധ്യമപ്രവര്‍ത്തകനായി ജീവിതം ചലിപ്പിച്ച കാലത്തും ഇതിന്റെ എഴുത്തുകാരനുണ്ടായ അനുഭവവും തന്റെ പ്രവാസദേശത്തെ വിടാതെ പിന്തുടര്‍ന്ന് നടത്തിയ സൂക്ഷ്മനിരീക്ഷണവുമാണ് ഈ കൃതിയുടെ പിറവിക്ക് കാരണമായത്.
വടകര മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തരകേരളത്തിലെ പാവം മനുഷ്യരാണ് ഈ നോവലില്‍ 90കളിലെ ഗള്‍ഫ് യുദ്ധവും, 92ലെ ബാബറി ദുരന്തവും, ഇറാഖ് യുദ്ധവും, സദ്ദാമിന്റെ പതനവും, വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും ഒബാമയുഗവും വരെ ഓര്‍ത്തെടുക്കുന്നത്. അത് തീവ്രമായ നേര്‍സാക്ഷ്യവുമാണ്. ഒഞ്ചിയത്തെ ബദല്‍ രാഷ്ട്രീയത്തില്‍ നിന്ന് ബഹറൈനിലേയും, സൗദിയിലേയും, മഗ്‌രിബ് ദേശത്തെയും പ്രതി വിപ്ലവപ്രവര്‍ത്തനങ്ങളുടെ കഥതേടി പോകുന്ന ഈ നോവല്‍ മലയാളിയുടെ ദുരന്തപൂര്‍ണമായ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നിടത്താണ് വേറിട്ടൊരു പ്രവാസ രചനയുടെ വായന ഈ പുസ്തകം സാധ്യമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് മലയാളിയുടെ യാത്രയുടെ പുസ്തകം തന്നെയാണ്. ഒറ്റ വായനയില്‍ ഈ ചെറുനോവല്‍ വായിച്ച് തീര്‍ക്കുക അസാധ്യവുമാണ്. കാരണം ഈ നോവലില്‍ റീഡബിലിറ്റി എന്ന രസതന്ത്രമല്ല വര്‍ക്ക് ഔട്ട് ചെയ്യുന്നത്. മറിച്ച് നോവല്‍ വായനക്കാരനെ സംവാദത്തിനാണ് ക്ഷണിക്കുന്നത്.
ഒഞ്ചിയവും, മനാമയും, വാള്‍സ്ട്രീറ്റും ഒരേ സമരങ്ങളുടെ വെവ്വേറെ ഇടങ്ങളാണെന്ന് ഇതിന്റെ എഴുത്തുകാരന്‍ പറഞ്ഞ്‌വെക്കുമ്പോള്‍ ഈ കൃതിയും, ഇതിലെ രാഷ്ട്രീയവും സാഹിത്യചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടിവരും. ഒരേസമയം ഒരിടത്പക്ഷ സമീപനവും അതേസമയം ഒരു വലത്പക്ഷ ചായ്‌വും ഈ കൃതി പുലര്‍ത്തുന്നുണ്ട്.
രാഷ്ട്രീയ വായന ആവശ്യപ്പെടുന്ന സര്‍ഗ്ഗാത്മക രചനയെന്ന നിലയില്‍ ഈ പുസ്തകത്തിന്റെ വായന ഇവ്വിധത്തിലാണ് നിര്‍വ്വഹിക്കപ്പെടുന്നതെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. തുടര്‍ന്നങ്ങോട്ട് ഇതിന്റെ എഴുത്തുകാരനും ഈ കൃതി കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും ഏറെ വിമര്‍ശിക്കപ്പെടും. അങ്ങിനെയല്ലാതെ ഒരു സാധാവായനയാണ് ഈ പുസ്തകത്തില്‍ നടക്കുന്നതെങ്കില്‍ ഈ കൃതി ശ്രദ്ധിക്കപ്പെടാതെ തന്നെ പോകും.
keywords-hareesh panthakkal-bab albahrine-novel-madhoor sherif
keywords-hareesh panthakkal-bab albahrine-novel-madhoor sherif
Post a Comment
0 Comments