Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നു: വൈദ്യുതി നിരക്ക് കൂട്ടിയേക്കും


തിരുവനന്തപുരം (www.evisionnews.in): വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കും.

വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പ്രതിസന്ധി മുന്നില്‍ക്കണ്ടാണ് റെഗുലേറ്ററി കമ്മീഷന്റെ നീക്കം. വീട്ടാവശ്യത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് ശുപാര്‍ശ. വ്യാവസായിക ആവശ്യങ്ങള്‍ക്ക് 30 പൈസ വരെയും കൂട്ടിയേക്കും. മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കും.

കാര്‍ഷിക മേഖലക്കും ഇളവുണ്ട്. ജലനിധിയടക്കം, ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് വീട്ടാവശ്യ നിരക്ക് ബാധകമാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരും. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത് 48 ശതമാനം വെള്ളം മാത്രം. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം കൂടി. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് ഉത്പാദനം.

1988 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടുകളില്‍ ഉള്ളത്. 2013ല്‍ 3,646 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച സ്ഥാനത്താണിത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയില്‍, പ്രതിമാസം 77 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. വര്‍ദ്ധിച്ച ചെലവ് കണക്കിലെടുത്തുള്ള നിരക്ക് വര്‍ദ്ധന ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ നേരിട്ടാണ് ഇക്കുറി ശുപാര്‍ശ തയാറാക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad