Type Here to Get Search Results !

Bottom Ad

സൗകര്യങ്ങളെന്നുപറയാന്‍ ഒന്നുമില്ല: അവഗണനയെ കൂട്ടുപിടിച്ച് ഒരു പഞ്ചായത്ത്


ദേലംപാടി (www.evisionnews.in): കര്‍ണ്ണാടകാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയുടെ മലയോര പ്രദേശമായ ദേലംപാടി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഏറെയാണ്. ചരിത്രമുറങ്ങിക്കിടക്കുന്ന ഒരുപാട് സ്മാരകങ്ങള്‍ പഞ്ചായത്തിലുണ്ടെങ്കിലും ഇവിടുത്തെ ജീവിതം നരകസമാനമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാട്ടാനക്കൂട്ടങ്ങള്‍ ഏതു സമയവും കാടിറങ്ങുമെന്ന ഭീതിയിലാണ് ഇന്നാട്ടുകാര്‍ അന്തിയുറങ്ങുന്നത്. 

പരപ്പ, ദേലംപാടി പ്രദേശങ്ങളിലാണ് ആനശല്യം കൂടുതലുള്ളത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആനകള്‍ കാടിറങ്ങുന്ന അവസ്ഥയാണ്. കാടിറങ്ങിയ കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളില്‍ സംഹാരതാണ്ഡവമാടുന്നതും പതിവാണ്. ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനംവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കാട്ടാനശല്യം നിയന്ത്രിക്കാന്‍ കമ്പിവേലി കെട്ടി സുരക്ഷയൊരുക്കുമെന്ന മന്ത്രിയുടെ വാക്ക് എന്നുപുലരുമെന്ന ആശങ്കയിലാണ് ജനം. മലയോരമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളജ്, കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള സര്‍ക്കാര്‍ ആസ്പത്രി തുടങ്ങിയവ ഈ പഞ്ചായത്തുകാരുടെ വര്‍ഷങ്ങളായുള്ള (www.evisionnews.in)ആവശ്യമാണ്. നിലവില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വൃദ്ധജനങ്ങളടക്കമുള്ളവര്‍ ആസ്പത്രിയിലെത്തുന്നത്. സ്‌കൂളുകളില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തത് മൂലം ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയെഴുതുമെന്ന് ആശങ്കയില്‍ നില്‍ക്കുകയാണ്. 

ദേലംപാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വാര്‍ഷിക പരീക്ഷ അടുത്തിട്ടും പലവിഷയങ്ങള്‍ക്കും അധ്യാപകരെത്തിയില്ല. അധ്യാപകരായി നിയമിതനാകുന്നവര്‍ അസൗകര്യങ്ങളുടെ പേരില്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ സ്ഥലം മാറിപ്പോവുകയാണ് ചെയ്യുന്നത്. യാത്ര സൗകര്യത്തിന്റെ കാര്യത്തിലും പഞ്ചായത്തുകാര്‍ ദുരിതം തിന്നുകയാണ്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും (www.evisionnews.in)സ്‌കൂള്‍ കുട്ടികള്‍ക്ക് കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. പൊട്ടിത്തകര്‍ന്ന റോഡുകള്‍ റീ ടാറിംഗ് നടത്താനോ അറ്റകുറ്റപ്പണി നടത്താനോ പഞ്ചായത്ത് അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ദുരിതങ്ങള്‍ കൂടി വരുന്നതല്ലാതെ യാതൊരു വിധത്തിലുള്ള നടപടികളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

Post a Comment

0 Comments

Top Post Ad

Below Post Ad