Type Here to Get Search Results !

Bottom Ad

അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂരിലെ സ്ഫോടനം: പിടികിട്ടാപ്പുള്ളി കണ്ണൂരില്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.in): ബാംഗ്ലൂരുവില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികള്‍ നടത്തിയ സ്ഫോടന പരമ്പരയിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. 

2008 ജൂലായ് 25ന് ബാംഗളൂരുവിലെ എട്ടിടങ്ങളില്‍ സ്ഫോടനം നടത്തിയ സംഘത്തിലെ മമ്പറം പറമ്പായി സ്വദേശി റൈസലാണ് പിടിയിലായത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ ഇയാളെ വളരെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. കണ്ണൂര്‍ പോലീസ് ബാംഗളൂരു പോലീസുമായി ബന്ധപ്പെട്ടുവരികയാണ്. ബംഗളൂരു സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയും ഈ കേസില്‍ 31-ാം പ്രതിയാണ്.

ഇവര്‍ക്കൊപ്പം പാപ്പിനിശേരി സ്വദേശി ഷുഹൈബ് എന്ന ഫൈസല്‍, കണ്ണൂര്‍ കറുവയിലെ സര്‍ഫുദ്ദീന്‍, എറണാകുളം സ്വദേശി താജുദ്ദീന്‍, കുടക് സ്വദേശി അബ്ദുള്‍ഖാദര്‍, പെരുമ്പാവൂര്‍ പാറപ്രത്തെ സാബിര്‍ പി. ബുഹാരി എന്നിവരുടെ പങ്കും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയതാണ്. 

ബംഗളൂരു സ്ഫോടന കേസില്‍ പ്രതികളായ ഒന്‍പതുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മമ്ബറം സ്വദേശിയായ യുവാവ് പോലീസ് പിടിയിലായത്. പ്രതികളായ നാലുപേര്‍ കാശ്മീരില്‍ സൈനികരുമായ ഏറ്റുമുട്ടലിനിടയില്‍ കൊല്ലപ്പെട്ടിരുന്നു. കണ്ണൂരില്‍ പിടിയിലായ റൈസല്‍ സ്ഫോടനം നടക്കുമ്പോള്‍ ബാംഗളൂരുവില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തീവ്രവാദികള്‍ക്ക് ബോംബുകള്‍ നിര്‍മ്മിച്ചു നല്‍കിയത് റൈസല്‍ ആയിരുന്നു. പെരുമ്പാവൂരിലെ സ്ഫോടനവസ്തു വില്‍പ്പന കേന്ദ്രം കുത്തിത്തുറന്ന് 100 ഡിറ്റനേറ്ററും രണ്ട് ക്വിന്റല്‍ അമോണിയം നൈട്രേറ്റും മോഷ്ടിച്ച് കണ്ണൂരിലെത്തിച്ച ഇയാള്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ റൈസല്‍ പല പിടിച്ചുപറി കേസുകളിലും പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. രണ്ട് മാസം മുമ്പ് നടന്ന പെരുമ്പാവൂരിലെ ഒരു പിടിച്ചുപറി കേസില്‍ നേരിട്ട് പങ്കുവഹിച്ച ആളാണ് റൈസല്‍. ഇന്നോവ കാറിലെത്തി 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതിയായ സലീം ഇയാളുടെ സഹോദരനാണ്. 

ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.


keywords:kerala-kannur-banglore-blast-case-one-arrest






Tags

Post a Comment

0 Comments

Top Post Ad

Below Post Ad